
കണ്ണൂര്‍: ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്ത് വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ ദൂരൂഹ കല്ലറ തുറന്നു. പായയില്‍ പൊതിഞ്ഞ നിലയില്‍ കാണപ്പെട്ട വസ്തു മൂന്നാമതൊരു മൃതദേഹമല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഇതോടെ കല്ലറയുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങി. മാത്രമല്ല കല്ലറയില്‍ കാണപ്പെട്ട പായ നേരത്തെ അടക്കം ചെയ്ത മൃതദേഹത്തിന്റെ പെട്ടിക്കുള്ളില്‍ നിന്നും പുറത്തേക്ക് വന്നതാണെന്ന സ്ഥിരീകരണത്തിലേക്കാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ച്ച മറ്റൊരു മൃതദേഹം സംസ്‌കരിക്കാന്‍ 38-ാം നമ്പര്‍ കല്ലറ തുറന്നപ്പോഴാണ് പെട്ടിക്കുപുറത്ത് അസ്വാഭാവിക രീതിയില്‍ പായ കണ്ടത്. സംസ്‌കാരവുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചെങ്കിലും രണ്ട് മൃതദേഹങ്ങള്‍ മാത്രമായിരുന്നു കല്ലറയില്‍ അടക്കം ചെയ്തിരുന്നത്. തുടര്‍ന്നാണ് ദുരൂഹത നീക്കുവാന്‍ പള്ളി അധികൃതര്‍ തന്നെ അന്വേഷണം ആവശ്യപ്പെട്ടത്. ഇതോടെ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ കല്ലറ തുറന്ന് പരിശോധിക്കുകയായിരുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ മഠത്തില്‍ അബ്ദുള്‍ അസീസ് അടക്കമുള്ളവരാണ് കല്ലറയില്‍ ഇറങ്ങി പരിശോധന നടത്തിയത്.
ക്രിസ്ത്യന്‍ ആചാരപ്രകാരം പായയില്‍ പൊതിഞ്ഞ രീതിയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാറില്ലാത്തതിനാലാണ് പള്ളി അധികൃതര്‍ അപ്പോള്‍ത്തന്നെ പോലീസിനെ വിവരം അറിയിച്ചത്.
38-ാം നമ്പര്‍ കല്ലറയില്‍ അടക്കംചെയ്തവരുടെ പട്ടിക പരിശോധിച്ചപ്പോള്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ നിലയിലുള്ള വസ്തുവിന്റെ സൂചനകള്‍ കണ്ടെത്താനായിരുന്നില്ല.
2006-ലും 2015 ലും ആണ് ഈ കല്ലറയില്‍ മറ്റ് രണ്ട് സംസ്‌ക്കാരങ്ങള്‍ നടന്നത്. 2006 ല്‍ കല്ലറയില്‍ സംസ്‌കരിച്ച ആളുടെ കുടുംബങ്ങള്‍ ഇടവകയിലെ താമസക്കാരായിരുന്നു. ഇവരുടെ പക്കല്‍ ഫോട്ടോയും ഉണ്ടായിരുന്നു.
2015-ല്‍ കല്ലറയിയില്‍ അടക്കം ചെയ്തവരുടെ കുടുംബങ്ങള്‍ വാണിയപ്പാറത്തട്ട് ഇടവക വിട്ട് പേരാവൂര്‍ ഈരായിക്കൊല്ലിയിലേക്ക് താമസം മാറിയിരുന്നു. ഈ കുടുംബത്തിലെ ജെയിംസ് എന്നയാളുടെ മൃതദേഹമാണ് ഈ കല്ലറയില്‍ രണ്ടാമതായി സംസ്‌കരിച്ചത്. ജെയിംസിന്റെ ഭാര്യയെ സെമിത്തേരിയിലെത്തിച്ച്, പോലീസ് കല്ലറ ഇതുതന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.