പത്തനംതിട്ട: കഴിഞ്ഞവര്‍ഷം ശബരിമലയിലെ ദ്വാരപാലക ശില്പപാളികള്‍ സ്വര്‍ണംപൂശാന്‍ വേണ്ടി, ഇല്ലാത്ത കേടുപാടുകള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാക്കിയതായി സൂചന. സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) നിര്‍ണായകവിവരം കിട്ടി.
2019-ല്‍ നടന്നതിനെക്കാള്‍ വലിയ ഗൂഢാലോചനയും ഫയലുകളിലെ കൃത്രിമവും കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണംപൂശലില്‍ ഉണ്ടായെന്നാണ് വിവരം. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍നിന്ന് വാറന്റി കിട്ടാതിരിക്കാനുള്ള ശ്രമമാണ് നടന്നത്. വാറന്റി ഇല്ലെങ്കിലേ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചെലവില്‍ പൂശല്‍ നടക്കൂ. അതിന്റെ പേരില്‍ പോറ്റിക്ക് പിരിവ് നടത്താനുള്ള കളമൊരുക്കുകയായിരുന്നുവെന്നാണ് എസ്.ഐ.ടി. സംശയിക്കുന്നത്. ഇതിനുള്ള ആസൂത്രണം നടന്നതായി ദേവസ്വംബോര്‍ഡ് യോഗത്തിലേക്കുവന്ന റിപ്പോര്‍ട്ട് തെളിവാകുന്നു.
സെപ്റ്റംബര്‍ നാലിനാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരില്‍ 40 വര്‍ഷത്തെ വാറന്റി സര്‍ട്ടിഫിക്കറ്റ് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് നല്‍കിയത്. പോറ്റിയുടെ ബെംഗളൂരുവിലെ വിലാസത്തിലാണ് സര്‍ട്ടിഫിക്കറ്റ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്, ശബരിമല എന്നീവാക്കുകളൊന്നും ഇതിലില്ല. ഭൗതികമായി കേടുപാടുകള്‍ ഉണ്ടെങ്കിലോ, രാസവസ്തുക്കള്‍ ഉപയോഗിച്ച് തുടച്ചെങ്കിലോ വാറന്റി കിട്ടില്ലെന്ന് സര്‍ട്ടിഫിക്കറ്റിലുണ്ട്.
2019-ല്‍ സ്വര്‍ണംപൂശി സ്ഥാപിച്ച പാളികളില്‍ മൂന്നുകൊല്ലംകൊണ്ട് ഇത്രയും പൊട്ടലുണ്ടായെങ്കില്‍ വിജയ്മല്യ സ്വര്‍ണംപൂശിയ 1998 മുതല്‍ 2019 വരെ പൊട്ടലില്ലാതിരുന്നത് എന്താണെന്ന ചോദ്യത്തിന് ഉത്തരം എസ്.ഐ.ടി. തേടുന്നുണ്ട്. കഴിഞ്ഞകൊല്ലത്തെ സ്വര്‍ണം പൂശലിനു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, പാളികളില്‍ നിക്കല്‍ തെളിഞ്ഞുകാണാമെന്നും പറയുന്നുണ്ട്. നിക്കല്‍ തെളിയണമെങ്കില്‍ രാസവസ്തു ഉപയോഗിച്ചു എന്നതിനും തെളിവാകാം. പൊട്ടലും രാസവസ്തു ഉപയോഗിക്കലും ഫയലില്‍മാത്രം ചെയ്തതായുള്ള നിഗമനത്തിലേക്ക് എസ്.ഐ.ടി. എത്തുന്നത് അങ്ങനെയാണ്. അയ്യപ്പസംഗമത്തിനു ശേഷം 2019-ലെ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറംലോകമറിഞ്ഞതോടെ പി.എസ്. പ്രശാന്ത് പ്രസിഡന്റായ ബോര്‍ഡ് പോറ്റിയെ ഒഴിവാക്കി 2025-ല്‍ സ്വന്തം നിലയില്‍ സ്വര്‍ണം പൂശുകയായിരുന്നു. പോറ്റി കുഴപ്പക്കാരനെന്ന് ബോധ്യമായെങ്കിലും എന്തിന് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു എന്നതും ദുരൂഹം.