കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചതിനുപിന്നാലെ സംഘടനയ്ക്കുള്ളില്‍ താന്‍ നേരിട്ട പ്രശ്നങ്ങള്‍ തുറന്നെഴുതി നടി ശ്വേതാ മേനോന്‍. തനിക്കെതിരെ ചിലര്‍ വ്യാജപ്രചരണങ്ങളും വ്യക്തിഹത്യയും നടത്തിയെന്നും ഒരു പാവയാകാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് രാജിവച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ ആവര്‍ത്തിച്ചു.
അമ്മയുടെ വരവ്‌ചെലവ് കണക്കുകളില്‍ ആകെ കള്ളക്കളിയാണെന്നും കഴിഞ്ഞ രണ്ട് ഭരണസമിതികളുടെയും കണക്കുകള്‍ സമഗ്രമായി പരിശോധിക്കണമെന്നും താരം ആവശ്യപ്പെടുന്നു. തനിക്കെതിരെയുണ്ടായ രാഷ്ട്രീയ ആരോപണങ്ങള്‍ക്കെതിരെയും ശ്വേത മേനോന്‍ മറുപടി നല്‍കുന്നുണ്ട്.
‘എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. പക്ഷേ, എന്റെ വാക്കുകള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. ആരുടെയും കളിപ്പാവയാകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ഞാന്‍ രാജിവച്ചത്. അമ്മയുടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നന്ദകുമാര്‍, മാര്‍ട്ടിന്‍ മേനാച്ചേരി പോലുള്ളവരെ മുന്നില്‍ നിര്‍ത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി.
ഇതെല്ലാം മറികടന്ന് അമ്മയിലെ ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണയോടെയാണ് ഞാന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. കഴിവിന്റെ പരമാവധി ഞാന്‍ എല്ലാകാര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കാന്‍ എനിക്ക് കഴിയും. നിര്‍ഭാഗ്യവശാല്‍, ചില സ്വാര്‍ത്ഥ താല്‍പര്യക്കാര്‍ കമ്മിറ്റിയിലെ ചില മുന്‍ അംഗങ്ങളുടെ തെറ്റുകളെക്കുറിച്ച് അന്വേഷിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് നല്‍കിയില്ല. ഞങ്ങളുടേത് ഉള്‍പ്പെടെ കഴിഞ്ഞ രണ്ട് കാലാവധികളിലെയും അക്കൗണ്ടുകള്‍ സമഗ്രമായി അവലോകനം ചെയ്യണം. പൂര്‍ണ്ണ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ ഒരു ഫോറന്‍സിക് ഓഡിറ്റിംഗ് കമ്മിറ്റി നിയോഗിക്കണം.
എന്റെ രാജിക്ക് ശേഷംപോലും പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്. അതുകൊണ്ട് ഒരു കാര്യം വളരെ വ്യക്തമായി പറയാം. ഞാന്‍ ഒരു സംഘിയോ കമ്മ്യൂണിസ്റ്റോ അല്ല. എനിക്ക് ക്ഷണങ്ങള്‍ ലഭിച്ചിട്ടുകൂടി ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരോ മുന്‍ എല്‍ഡിഎഫ് നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകളോ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല. മറ്റെല്ലാവരും ഇത്തരം ക്ഷണങ്ങള്‍ക്കായി പിന്നാലെ പോയപ്പോള്‍ ഞാന്‍ വിട്ടുനിന്നു.
യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്‍ച്ചയായി നേരിട്ടപ്പോള്‍, നിലപാടുള്ള ഒരു സ്ത്രീ എന്ന നിലയില്‍ അമ്മയില്‍ നിന്നും രാജിവയ്ക്കാനാണ് ഞാന്‍ തീരുമാനിച്ചത്. എന്റെ ബലഹീനതുകൊണ്ടല്ല, മറിച്ച് ആത്മാഭിമാനം ഉള്ളതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്’- ശ്വേതാ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.