പാസ്‌പോട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല, യാത്രാരേഖ മാത്രമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന പാസ്‌പോര്‍ട്ട്, പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് വിദേശകാര്യമന്ത്രാലയം. അന്താരാഷ്ട്ര യാത്രകള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പ്രാഥമിക യാത്രാരേഖ മാത്രമാണ് ഇത്. വിദേശത്തുള്ളപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ളയാളാണെന്ന് തെളിയിക്കാനുള്ള രേഖയാണ് പാസ്‌പോര്‍ട്ട് എന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. പാസ്‌പോര്‍ട്ട് സേവാ ദിനമായ ജൂണ്‍ 24-നായിരുന്നു വിദേശകാര്യമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയത്.
ആഗോളതലത്തില്‍ പാസ്‌പോര്‍ട്ടിന്റെ സ്വീകാര്യ വര്‍ധിപ്പിക്കുന്നതിനും തട്ടിപ്പ് തടയുന്നതിനുമായി ബയോമെട്രിക് വിവരങ്ങളുള്‍പ്പെടുത്തിക്കൊണ്ടുള്ള ചിപ്പ് അധിഷ്ടിത ഇ-പാസ്‌പോര്‍ട്ട് നടപടികള്‍ വിവരിക്കുന്നതിനിടെയായിരുന്നു വിദേശകാര്യ മന്ത്രാലയം ഇക്കാര്യം എടുത്തുപറഞ്ഞത്. 1967-ലെ പാസ്‌പോര്‍ട്ട് നിയമം പ്രാബല്യത്തില്‍വന്നതിന്റെ സ്മരണയ്ക്കായാണ് ജൂണ്‍ 24 പാസ്‌പോര്‍ട്ട് സേവാ ദിവസ് ആയി ആചരിച്ചുവരുന്നത്.
പാസ്‌പോര്‍ട്ട് സേവാ പരിപാടിയുടെ നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം ചിപ്പ് അധിഷ്ഠിത രേഖകള്‍ പുറത്തിറക്കിയിരുന്നു. ഇതിനുശേഷം 14.7 ദശലക്ഷം ഇ പാസ്‌പോര്‍ട്ടുകള്‍ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. പുതുതായി നല്‍കിവരുന്ന എല്ലാ പാസ്‌പോര്‍ട്ടുകളും ചിപ്പ് അധിഷ്ടിത പാസ്‌പോര്‍ട്ടുകളാണ്. ആകെ പാസ്‌പോര്‍ട്ടിന്റെ 10 ശതമാനവും നിലവില്‍ ചിപ്പ് അധിഷ്ടിത പാസ്‌പോര്‍ട്ട് ആണെന്നും അധികൃതര്‍ അറിയിച്ചു.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്ന് ലഭിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍, വളരെയധികം സൂക്ഷ്മതയോടെ, ഒരുപാട് പ്രക്രിയകള്‍ക്കൊടുവിലാണ് ഒരു പാസ്‌പോര്‍ട്ട് നല്‍കുന്നതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇ പാസ്‌പോര്‍ട്ടുകള്‍ ഉയര്‍ന്ന സുരക്ഷ ഉറപ്പുവരുത്തുന്നു. വ്യാജരേഖാ നിര്‍മാണം ചിപ്പ് അധിഷ്ടിത പാസ്‌പോര്‍ട്ടില്‍ നടക്കില്ല. വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ വളരെ വേഗത്തില്‍ സുഗമമായി നടപ്പിലാക്കാനാകുമെന്നും ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു,

 

 

Leave a Reply

Your email address will not be published. Required fields are marked *