
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ ടിയുടെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. കൊച്ചിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസില്‍ ഒന്‍പത് മണിക്കൂറോളമാണ് ചോദ്യംചെയ്യല്‍ നീണ്ടത്.
ഇത് രണ്ടാംവട്ടമാണ് വീണയെ ഇഡി ചോദ്യംചെയ്യുന്നത്. രാവിലെ ഒന്‍പതരയോടെയാണ് വീണ ഇഡി ഓഫീസില്‍ എത്തിയത്. പത്തരയോടെ ചോദ്യംചെയ്യല്‍ ആരംഭിച്ചു. അടുത്ത ചോദ്യംചെയ്യലിന്റെ തീയതി വ്യക്തമല്ല. ഉടനുണ്ടാകുമെന്നാണ് സൂചന. കേസില്‍ വീണ ഉള്‍പ്പെടെ ഏഴുപേരെയാണ് ഇതുവരെ ഇഡി ചോദ്യം ചെയ്തിട്ടുള്ളത്.
നേരത്തെ, വീണയ്ക്കെതിരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിലെ 134 രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‌കൈമാറിയിരുന്നു. കൊച്ചിയിലെ കമ്പനികാര്യ കേസുകള്‍ കൈകാര്യംചെയ്യുന്ന കോടതിയില്‍ ഇഡി നല്‍കിയ അപേക്ഷയെ തുടര്‍ന്നായിരുന്നു നടപടി. ഈ നീക്കത്തെ സിഎംആര്‍എല്‍ കോടതിയില്‍ എതിര്‍ത്തെങ്കിലും തടസ്സവാദങ്ങള്‍ തള്ളിക്കൊണ്ട് രേഖകള്‍ കൈമാറാന്‍ കോടതി ഉത്തരവിടുകയായിരുന്നു.