മുംബയ്: മഹാരാഷ്ട്രയില്‍ അങ്കണവാടി ജീവനക്കാരി പെണ്‍കുഞ്ഞിനെ ക്രൂരമായി നെഞ്ചില്‍ ചവിട്ടി വീഴ്ത്തി. ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പന്‍വേലില്‍ നന്ദഗാവ് ഗ്രാമത്തിലെ അങ്കണവാടിയിലാണ് സംഭവം. താഴെയിരുന്ന കുട്ടിയുടെ നെഞ്ചില്‍ ചവിട്ടി നിഷ്‌കരുണം പടിയില്‍ നിന്ന് തളളിയിടുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യങ്ങളിലൂടെയാണ് പുറത്തുവന്നത്.
അങ്കണവാടി കെട്ടിടത്തിന്റെ പുറത്ത് താഴെ ഇരുന്ന കുട്ടിയെ ജീവനക്കാരി നെഞ്ചില്‍ ചവിട്ടുകയും തുടര്‍ന്ന് കുട്ടി താഴേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ചവിട്ടിന്റെ ആഘാതത്തില്‍ പിന്നിലേക്ക് വീണ കുട്ടിയെ മറ്റൊരു ജീവനക്കാരിയാണ് പിടിച്ച് എഴുന്നേല്പിക്കുന്നത്. ക്രൂരമായ മര്‍ദ്ദനം നടന്നിട്ടും ചിരിച്ചുകൊണ്ടാണ് ഇവര്‍ കുഞ്ഞിനെ എഴുന്നേല്പിച്ചിരുത്താനെത്തിയത്. സമീപത്ത് മറ്റൊരു പെണ്‍കുഞ്ഞ് സംഭവം നോക്കിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും.
വഴിയാത്രക്കാരിലൊരാള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്. കുട്ടികളെ സുരക്ഷിതമായി നോക്കേണ്ട അങ്കണവാടി ജീവനക്കാരിയുടെ ക്രൂരതയ്‌ക്കെതിരെ കടുത്ത രോഷമാണ് ഉയരുന്നത്. സംഭവത്തില്‍ നവി മുംബയ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ നിരീക്ഷണം വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ജീവനക്കാരിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.