കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കാന്‍സര്‍ വിഭാഗത്തില്‍ മരുന്നുകളില്ലാതെ രോഗികള്‍ വലയുന്നു. വിലയേറിയ മരുന്നുകളൊന്നും തന്നെയില്ല. കീമോതെറപ്പി ഉള്‍പ്പെടെയുള്ള ചികിത്സ വേണമെങ്കില്‍ പുറത്തുനിന്ന് വാങ്ങണം. 7 കോടി രൂപയുടെ കാന്‍സര്‍ മരുന്നാണ് ഒരുവര്‍ഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആവശ്യമുള്ളത്. ഏപ്രില്‍ ഒന്നുമുതല്‍ കാന്‍സര്‍ മരുന്നുകള്‍ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറില്‍ എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മിച്ചമുണ്ടായിരുന്ന സ്റ്റോക്കും ഏപ്രില്‍ പകുതിയോടെ തീര്‍ന്നതായി കേരളപ്രണാമം പ്രഭാതദിപത്രത്തോട് അധികൃതര്‍ പറഞ്ഞു.
സര്‍ക്കാര്‍ ടെന്ററിങ്ങിലെ നൂലാമാലകളും മരുന്നു വിതരണക്കാര്‍ക്ക് നല്‍കേണ്ട കുടിശിക തുക കൂടിയതുമാണ് മരുന്ന് ലഭിക്കാതിരിക്കാന്‍ കാരണം. മരുന്ന് എത്താന്‍ ഇനിയും മാസങ്ങളെടുക്കും. ദിവസേന 100- 120 രോഗികളാണ് കീമോതെറപ്പി- കുത്തിവയ്പ്പിനും മരുന്നിനുമായി എത്തുന്നത്. ഇവരില്‍ 70-90 പേര്‍ ഇന്‍ഷുറന്‍സ് ആനുകൂല്യത്തില്‍ ചികിത്സ ലഭിക്കാനെത്തുന്നവരാണ്. ഇന്‍ഷുറന്‍സ് ആനുകൂല്യത്തില്‍ മരുന്നു ലഭിക്കുന്ന സ്റ്റോറുകളിലും മരുന്നില്ല. പുറത്തുനിന്ന് മരുന്ന് വാങ്ങാന്‍ പതിനായിരക്കണക്കിന് രൂപ കയ്യില്‍ കരുതേണ്ട അവസ്ഥയിലാണ് രോഗികള്‍
സീറോ പ്രോഫിറ്റ് കൗണ്ടര്‍
മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലുള്ള കാരുണ്യ ഫാര്‍മസിയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച സീറോ പ്രോഫിറ്റ് കൗണ്ടറിലും മരുന്നുമില്ല. ഇവിടെ മരുന്ന് എത്താതിരിക്കന്‍ ഇടപെടല്‍ ഉണ്ടായെന്നും അന്വേഷിക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെട്ടു.
മരുന്നുകള്‍ ഇല്ലാത്തത് ശ്രദ്ധയില്‍പെട്ടു. പരിശോധിക്കും.
ഡോ. ടി.ജി. തോമസ് ജേക്കബ്, ആശുപത്രി സൂപ്രണ്ട്
അവസരം മുതലാക്കി വിതരണക്കാരും മരുന്നു കമ്പനികളും
ഒരേ മരുന്നിന് പല വിലയാണ് കമ്പനികള്‍ എംആര്‍പിയായി ഇട്ടിരിക്കുന്നത്. കീമോതെറപ്പി മരുന്നായ സെടുക്‌സിമാബ് 100 എംഎല്‍ മരുന്നിന് എംആര്‍പി 90,000 രൂപ. ആശുപത്രി വളപ്പിലുള്ള ജില്ലാ ഹോസ്പിറ്റല്‍ സഹകരണ സംഘത്തിന്റെ നീതി സ്റ്റോറില്‍ ഇന്‍ഷുറന്‍സ് കാര്‍ഡുള്ളവര്‍ക്ക് 43,000 രൂപയ്ക്ക് നല്‍കുന്നുണ്ട്. ഇന്‍ഷുറന്‍സ് തുക കോടികള്‍ കിട്ടാനുള്ളതിനാല്‍ അവരും മരുന്ന് സ്റ്റോക്ക് ചെയ്യുന്നത് നിര്‍ത്തിയിരിക്കുകയാണ്. പൊതുവിപണിയില്‍ 50,000 രൂപയ്ക്ക് മുകളിലാണ് വില ഈടാക്കുന്നത്. കാന്‍സര്‍ ബാധിതര്‍ക്കുള്ള ഹോര്‍മോണ്‍ ചികിത്സയ്ക്കുള്ള കുത്തിവയ്പ്പുകള്‍ക്ക് ഒരു ലക്ഷത്തോളം രൂപയാണ് വില. ഇതും പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാരായ രോഗികള്‍.
ബെവാസിസുമാബ് 400 എംജി എന്ന മരുന്നിന് യഥാര്‍ഥ വില 8000 രൂപയില്‍ താഴെ, കമ്പനികള്‍ 56,000 രൂപ വരെയാണ് എംആര്‍പി ഇട്ടിരിക്കുന്നത്. ട്രാസ്റ്റുസുമാബ് (13,000- 58,000 രൂപ), സോള്‍ഡ്രിന (3,000- 3,200 രൂപ), കാര്‍ബൊപ്ലാറ്റിന്‍ (600- 3300 രൂപ), ലെട്രസോള്‍ (10 ഗുളികകളുടെ സ്ട്രിപ്പിന് 40- 85 രൂപ), ടാമോക്‌സിഫെന്‍ (സ്ട്രിപ്പിന് 18-35 രൂപ), രണ്ടു നേരം കഴിക്കേണ്ട ട്രൈഫ്‌ലൂറിഡിന്‍ (20 ഗുളികയ്ക്ക് 3500- 10500) എന്നിവ പുറത്തു നിന്ന് വാങ്ങേണ്ട മരുന്നുകളില്‍ ചിലതാണ്. മരുന്നു കമ്പനികളെ സഹായിക്കാന്‍ ഇടനിലക്കാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ചില പ്രത്യേക സ്റ്റോറുകളിലേക്ക് രോഗികളെ പറഞ്ഞു വിടുന്നു. അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നത്.