എട്ട് പേര്‍ക്ക് കൂടി ഷിഗെല്ല, ജൂണ്‍ മാസത്തില്‍ 180 പേര്‍ക്ക് രോഗബാധ, ആറ് മരണം

സംസ്ഥാനത്ത് എട്ട് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്ന്, വയനാട് രണ്ട്, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒന്നുവീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ മാസം 180 പേര്‍ക്ക് രോഗബാധയും ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 256 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.
എന്താണ് ഷിഗെല്ല ?
സൂക്ഷിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗത്തിന് കാരണമാകുന്നത് ബാക്ടീരിയയാണ്. ഷിഗെല്ല ബാക്ടീരിയ മൂലമാണ് ഷിഗല്ലോസിസ് എന്ന അണുബാധ കുടലിനുണ്ടാകുന്നത്. വയറിളക്കമാണ് പ്രധാന രോഗലക്ഷണം. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകും. മലിനജലത്തിലൂടെയും വൃത്തിയില്ലാത്തതും കേടായതുമായ ഭക്ഷണത്തിലൂടെയും രോഗം പകരാം. രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും രോഗം പകരാം.
രോഗം ഗുരുതരമാകുന്നത് മരണകാരണമാകാം. ഷിഗെല്ല രോഗം ബാധിച്ചയാളുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം രോഗലക്ഷണം ആരംഭിക്കും. ചിലപ്പോള്‍ ഒരാഴ്ചയ്ക്കുശേഷവും രോഗലക്ഷണം പ്രകടമാകാമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രോഗബാധയുള്ളവര്‍ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം പകരാം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുകയെന്നതാണ് രോഗത്തെ അകറ്റിനിര്‍ത്താനുള്ള വഴി. നിപ പോലെ വ്യാപിക്കാനും സാധ്യതയുള്ളതായാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
മുട്ട, ഇറച്ചി, പാല്‍, മത്സ്യം എന്നിവ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ബാക്ടീരിയ കൂടുതല്‍ കാലം ജീവിക്കും. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാല്‍ നിര്‍ജലീകരണം തടയുന്നതിന് ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഒ.ആര്‍.എസ്. ലായനി എന്നിവ കുടിക്കണം. സ്വയം ചികിത്സ നടത്താതെ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണം.

Leave a Reply

Your email address will not be published. Required fields are marked *