
തിരുവനന്തപുരം: കലാച്ചി- സിന്‍ കോപ്പിയടി വിവാദത്തില്‍ നിയമനടപടിക്കൊരുങ്ങി എഴുത്തുകാരി കെ ആര്‍ മീര. ഹരിത സാവിത്രിക്ക് കെ ആര്‍ മീര വക്കീല്‍ നോട്ടീസ് അയച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ ആര്‍ മീര തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഹരിത ഉയര്‍ത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് കെ ആര്‍ മീരയുടെ ആരോപണം.
സിന്നിന്റെ എഴുത്തുകാരി ഹരിത ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കോപ്പിയടി വിവാദം ചൂടുപിടിച്ചത്. കാമുകനെ തേടി വിദേശത്തെ സംഘര്‍ഷ മേഖലയിലെത്തുന്ന യുവതിയുടെ കഥയാണ് നോവലുകളുടെ ഇതിവൃത്തം. കസാക്കിസ്ഥാനിലെ കലാച്ചിയിലെ കഥ കെ ആര്‍ മീര പറയുമ്പോള്‍, കൂര്‍ദിനിലെ കഥയാണ് ഹരിത എഴുതിയത്. 2022 ലാണ് സിന്‍ പുറത്തിറങ്ങിയത്. 2023 ല്‍ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടി. 2025 ലാണ് കെ ആര്‍ മീരയുടെ കലാച്ചി പുറത്തിറങ്ങിയത്. 2025 ലാണ് കലാച്ചി ഇറങ്ങിയതെങ്കിലും 2020 ല്‍ തന്നെ പുസ്തകത്തിന്റെ ആദ്യഭാഗങ്ങള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചെന്നാണ് കെ ആര്‍ മീരയുടെ വാദം. എന്നാല്‍ ഇതിനെയും ഹരിത സാവിത്രി തള്ളുന്നു.
കെ ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ പ്രിയ വായനക്കാരുടെയും എന്നെ സ്‌നേഹിക്കുന്നവരുടെയും പൊതു സമൂഹത്തിന്റെയും അറിവിലേക്ക് :
എന്റെ ‘കലാച്ചി’ എന്ന നോവലിനെയും ‘കലാച്ചി’യുടെ രചയിതാവ് എന്ന നിലയില്‍ എന്നെയും സംബന്ധിച്ച്, സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലത്തിലും ശ്രീമതി ഹരിത സാവിത്രി ഉയര്‍ത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിന്റെയും വായനക്കാരുടെയും മുമ്പില്‍ എന്നെ അപകീര്‍ത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ്യത്തോടെ മാത്രമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
ശ്രീമതി ഹരിത സാവിത്രി ഉയര്‍ത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തില്‍ എന്നെപ്പറ്റി അവമതിപ്പ് സൃഷ്ടിച്ചതായും എനിക്കു ബോധ്യമുണ്ട്. ഈ സാഹചര്യത്തില്‍, ഇതുസംബന്ധിച്ചുള്ള നിയമ നടപടികള്‍ക്കു മുന്നോടിയായി അഡ്വ. എന്‍.കെ ഉണ്ണികൃഷ്ണന്‍ മുഖേന ഹരിത സാവിത്രിക്ക് ഒരു ലീഗല്‍ നോട്ടീസ് അയച്ചുകഴിഞ്ഞു. നോട്ടീസില്‍ ഞാന്‍ ആവശ്യപ്പെട്ട വിധത്തിലുള്ള നടപടികള്‍, നോട്ടീസില്‍ രേഖപ്പെടുത്തിയ തീയതിക്കകം
ശ്രീമതി ഹരിത സാവിത്രി കൈക്കൊള്ളാത്തപക്ഷം നീതിക്കായി കോടതിയെ സമീപിക്കുകമാത്രമേ എനിക്കു മാര്‍ഗമുള്ളൂ. ലീഗല്‍ നോട്ടീസിനുള്ള ഹരിത സാവിത്രിയുടെ മറുപടി ലഭിച്ചശേഷം ബാക്കി വിവരങ്ങള്‍ അറിയിക്കാം.