സിനിമാ ആരാധകരെ നിരാശയിലാഴ്ത്തിയാണ് വിഖ്യാത സംവിധായകനും നടനുമായ ഭാഗ്യരാജിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു ഭാഗ്യരാജിന്റെ അന്ത്യം. ഇപ്പോഴിതാ ഭാഗ്യരാജിന്റെ അവസാനത്തെ ആഗ്രഹമെന്നോണം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തിരിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
മരിക്കുന്നതിന് വളരെ മുമ്പുതന്നെ അദ്ദേഹം തന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചിരുന്നു. നടന്റെ മരണത്തിനുപിന്നാലെ കുടുംബം ഒരു നേത്രാശുപത്രിയെ വിവരം അറിയിച്ച് നേത്രദാനം നടത്തിയെന്നാണ് തന്തി ടിവി റിപ്പോര്‍ട്ട് ചെയ്തത്. ഡോക്ടര്‍മാരുടെ ഒരു സംഘം അദ്ദേഹത്തിന്റെ വസതിയിലെത്തി കോര്‍ണിയ ദാനം ചെയ്യുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടിലുണ്ട്.
ഭാഗ്യരാജിന്റെ നേത്രദാനത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്ന് തെലങ്കാനയുടെ മുന്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെ കുറിച്ചു. അദ്ദേഹം കണ്ണുകള്‍ ദാനം ചെയ്തു എന്ന വാര്‍ത്ത കേട്ടുവെന്നും സ്വന്തം മരണശേഷവും കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് വെളിച്ചം നല്‍കണം എന്ന ചിന്തയെ എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നും തമിഴിസൈ സൗന്ദരരാജന്‍ കുറിച്ചു. പൊതുരംഗത്ത് അറിയപ്പെടുന്നവര്‍ കണ്ണുകള്‍ ദാനം ചെയ്യുന്നതിലൂടെ പൊതുജനങ്ങളില്‍ വലിയ അവബോധം സൃഷ്ടിക്കാനാകും. ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരുലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആളുകള്‍ക്ക് നേത്രദാനത്തിലൂടെ കോര്‍ണിയ ആവശ്യമായി വരുന്നു. എന്നാല്‍ രാജ്യത്ത് 45,000 മുതല്‍ 50,000 കോര്‍ണിയ മാത്രമേ നേത്രദാനത്തിലൂടെ ലഭ്യമാകുന്നുള്ളൂ എന്നും തമിഴിസൈ സൗന്ദരരാജന്‍ കുറിച്ചു.
നേത്രദാനത്തേക്കുറിച്ച് അറിയാം
കൃഷ്ണമണിക്ക് മുകളിലെ സുതാര്യവും നേര്‍ത്തതുമായ നേത്രപടലം (കോര്‍ണിയ) എന്ന ഭാഗം ഒരു വ്യക്തിയുടെ മരണശേഷം കുടുംബത്തിന്റെ അനുവാദത്തോടെ മറ്റൊരാള്‍ക്ക് ശസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിച്ച് കാഴ്ച നല്‍കുന്നതാണ് നേത്രദാനം. കെരാറ്റോപ്ലാസ്റ്റി (കോര്‍ണിയല്‍ ഗ്രാഫ്റ്റിങ്) എന്ന ശസ്ത്രക്രിയ വഴിയാണ് നേത്രപടലം മാറ്റിവയ്ക്കുക.
നേത്രദാനം ചെയ്യുന്നതെങ്ങനെ?
മരണാനന്തര നേത്രദാനത്തിനുള്ള സമ്മതപത്രം പ്രായപൂര്‍ത്തിയായ ആര്‍ക്കും പൂരിപ്പിച്ച് നല്‍കാം. സമ്മതപത്രത്തില്‍ പേര്, വയസ്സ്, വിലാസം, അടുത്ത ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍, രണ്ട് സാക്ഷികളുടെ പേര് എന്നിവ രേഖപ്പെടുത്തണം. തുടര്‍ന്ന് ഇവര്‍ക്ക് ഇതുസംബന്ധിച്ച് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത് വീട്ടില്‍ എല്ലാവര്‍ക്കും അറിയുന്ന സ്ഥലത്ത് സൂക്ഷിക്കണം.
ഒരു വ്യക്തി നേത്രദാനത്തിന് സമ്മതപത്രം നല്‍കിയിട്ടുണ്ടെങ്കിലും ആ വ്യക്തിയുടെ അടുത്ത ബന്ധുക്കളുടെ (ഭാര്യ, ഭര്‍ത്താവ്, അച്ഛന്‍, അമ്മ, മക്കള്‍) രേഖാമൂലമുള്ള സമ്മതം വേണമെന്ന് കോര്‍ണിയ ട്രാന്‍സ് പ്ലാന്റേഷന്‍ ആക്ടില്‍ വ്യവസ്ഥയുണ്ട്. ഈ ബന്ധുക്കളില്‍ ആരെങ്കിലും എതിര്‍ത്താല്‍ നേത്രപടലം ദാനം ചെയ്യാനാവില്ല.
• സമ്മതപത്രം നല്‍കാത്തവര്‍ക്കും നേത്രദാനംചെയ്യാം. മരണശേഷം കണ്ണുകള്‍ ദാനംചെയ്യാന്‍ മരിച്ച വ്യക്തിയുടെ ബന്ധുക്കള്‍ സമ്മതം നല്‍കിയാല്‍ മതി.
• മരണശേഷം കുടുംബാംഗങ്ങള്‍ അടുത്തുള്ള നേത്രബാങ്കില്‍ വിവരം അറിയിച്ചാല്‍ അവിടെനിന്ന് ഡോക്ടര്‍ എത്തി നേത്രപടലം എടുക്കും. ആശുപത്രിയില്‍വെച്ചാണ് മരണമെങ്കില്‍ അവിടെ അറിയിച്ചാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യും.
• മരണശേഷം രണ്ട് മുതല്‍ ആറ് മണിക്കൂറിനകം നേത്രപടലം എടുക്കണം. നേത്രപടലം ശേഖരിക്കാന്‍ പരമാവധി അരമണിക്കൂര്‍ മാത്രമേ ആവശ്യമുള്ളൂ.
• മൃതദേഹത്തിന് സമീപം ഫാന്‍ ഇടരുത്.
• മൃതദേഹത്തിന്റെ തലഭാഗം തലയണ ഉപയോഗിച്ച് ഉയര്‍ത്തി വയ്ക്കണം.
• നേത്രപടലം എടുത്താല്‍ കണ്ണുകള്‍ക്ക് വൈരൂപ്യമുണ്ടാവില്ല.