
കൊച്ചി: പാര്‍ലമെന്ററി ഉപസമിതിയുടെ സിറ്റിംഗില്‍ മുല്ലപ്പെരിയാര്‍ വിഷയവും ചര്‍ച്ചയ്ക്ക്. നാളെ മൂന്നാറില്‍ തുടങ്ങുന്ന ജലവിഭവ വിഷയങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതിയുടെ അജണ്ടയില്‍ മുല്ലപ്പെരിയാര്‍ വിഷയവും ഉള്‍പ്പെടുത്തി. ജെബി മേത്തര്‍ എംപിയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി
മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കേരളത്തിന്റെ പ്രതിനിധിയെ പുനസ്ഥാപിക്കണം എന്ന് യോഗത്തില്‍ ആവശ്യപ്പെടും. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്ന ആവശ്യവും ചര്‍ച്ചയാവും. രാജീവ് പ്രതാപ് റൂഡി എംപിയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി ഉപസമിതി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി രൂപീകരിച്ച കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ ഉത്തരവ് തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി മന്ത്രി മോന്‍സ് ജോസഫ് നേരത്തെ പറഞ്ഞിരുന്നു. കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നും അതിനായി പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ രേഖാമൂലം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എത്രയും വേഗം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി കേരളത്തിന്റെ പ്രതിനിധിയെ അതിവേഗം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ കേരള സര്‍ക്കാറിനെ പ്രതിനിധീകരിച്ചിരുന്ന ടി ആര്‍. ശിവരാജിനെ ആണ് ഏകപക്ഷീയമായി മാറ്റിയത്. തുടര്‍ന്ന് മന്ത്രി മോന്‍സ് ജോസഫ് കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി സി ആര്‍ പാട്ടീലിന് കത്തയച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര ജലശക്തി വകുപ്പ് സെക്രട്ടിക്കും എതിര്‍പ്പ് ഉന്നയിച്ച് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അംഗത്തെ നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്രം നടപടി സ്വീകരിച്ചത്.