അബുദാബി: യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും മലയാളികൾക്ക് സ്വപ്‌നനേട്ടം. ബിഗ് ടിക്കറ്റ് സീരീസ് 289 ഡ്രോയിൽ ബംഗ്ളാദേശ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ചുപേർക്കാണ് സമ്മാനമടിച്ചത്. ഇതിൽ മൂന്നുപേർ മലയാളികളാണ്. ഓരോരുത്തർക്കും 100,000 ദിർഹം (ഏകദേശം 25 ലക്ഷം രൂപ) വീതമാണ് ലഭിക്കുക.
സെയിൽസ്, കസ്റ്റമർ സർവീസ് മേഖലയിൽ ജോലി ചെയ്യുന്ന 28കാരനായ അഖിൽ ചന്ദ്രനാണ് വിജയിയായ മലയാളികളിലൊരാൾ. അഞ്ച് വർഷമായി യുഎയിൽ ജോലി ചെയ്യുകയാണ് അഖിൽ. എല്ലാക്കൊല്ലവും സുഹൃത്തുക്കൾക്കൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കെടുക്കാറുണ്ടെന്ന് ഇയാൾ പറഞ്ഞു. അഖിലിന്റെ ആദ്യ നറുക്കെടുപ്പ് വിജയമാണിത്. സുഹൃത്തുക്കളിലൊരാൾ തിരഞ്ഞെടുത്ത ടിക്കറ്റിനാണ് സമ്മാനമടിച്ചത്.
17 വർഷമായി യുഎഇയിൽ താമസിക്കുന്ന സൈദലവി കരിയോടനാണ് വിജയിയായ രണ്ടാമത്തെ മലയാളി. സ്‌കൂളിലെ വാച്ച്‌മാനാണ്. നാല് വർഷമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശരത് ശശിധരനാണ് നേട്ടം കൊയ്‌ത മൂന്നാമത്തെ മലയാളി. യുഎഇയിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു. സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് ശരത്തും ടിക്കറ്റെടുത്തത്.
യുഎഇയിലെ അജ്‌മാനിൽ താമസിക്കുന്ന അറിഫുസ്‌മാൻ ഷുവോ ആണ് നറുക്കെടുപ്പിൽ വിജയിയായ ഒന്നാമത്തെ ബംഗ്ളാദേശ് സ്വദേശി. പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് അദ്ദേഹം ടിക്കറ്റെടുത്തത്. രണ്ടാമത്തെയാൾ 32കാരനായ സാബുജ് ആണ്. ഏഴുവർഷമായി യുഎഇയിൽ ജോലി ചെയ്യുന്നു. നാല് വർഷമായി ടിക്കറ്റ് എടുക്കുന്നുവെന്ന് ഇപ്പോഴാണ് സമ്മാനത്തിനർഹനായതെന്നും അദ്ദേഹം പറഞ്ഞു.