
ന്യൂഡല്‍ഹി: ജപ്പാന്‍ പ്രധാനമന്ത്രി തകയ്ച്ചി സനെ ഇന്ത്യയില്‍. തന്ത്രപ്രധാനവും സാമ്പത്തികവുമായ വിവിധ മേഖലകളില്‍ സഹകരണം ആഴത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള 16-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് ഇന്ത്യയിലെത്തിയത്.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിയ സനെ തകയ്ച്ചി ന്യൂഡല്‍ഹിയിലാണ് വിമാനമിറങ്ങിയത്. പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്ത ശേഷമുള്ള തകായ്ച്ചിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം എത്തിയ തകായ്ച്ചി ജൂലൈ ഒന്നു മുതല്‍ മൂന്നു വരെയാണ് ഇന്ത്യയിലുണ്ടാവുക.
സാമ്പത്തിക ഇടപെടല്‍ വിപുലീകരിക്കുക, തന്ത്രപരമായ ഏകോപനം ശക്തിപ്പെടുത്തുക, അര്‍ദ്ധചാലകങ്ങള്‍, നിര്‍ണായക ധാതുക്കള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഊര്‍ജ്ജ പ്രതിരോധം എന്നിവയുള്‍പ്പെടെയുള്ള നിര്‍ണായക സാങ്കേതികവിദ്യകളിലെ സഹകരണം വര്‍ദ്ധിപ്പിക്കുക എന്നിവയിലായിരിക്കും ഉച്ചകോടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. സമുദ്ര സുരക്ഷ, പ്രതിരോധ സാങ്കേതിക സഹകരണം, കൂടുതല്‍ കരുത്തുറ്റ വിതരണ ശൃംഖലകള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങള്‍ എന്നിവയ്ക്കും വലിയ പ്രാധാന്യം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.