കുംഭമേളയില്‍ സംഭാവന കുമിഞ്ഞു; മോഷണത്തിന്റെ വ്യാപ്തികൂട്ടി പ്രതികള്‍: പണം ഒളിപ്പിച്ചിരുന്നത് ശുചിമുറിയില്‍

അയോധ്യ :  അയോധ്യ രാമക്ഷേത്രത്തില്‍ ഭക്തര്‍ സമര്‍പ്പിച്ച സംഭാവന മോഷ്ടിച്ച സംഭവത്തില്‍ പ്രതികള്‍ പണം അപഹരിച്ചതിനെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്ത്. 2025ലെ കുംഭമേളയുടെ സമയത്താണ് പ്രതികള്‍ കൂടുതല്‍ പണം മോഷ്ടിച്ചത്. ഇതിനു മുന്‍പും ചെറിയ അളവില്‍ അറസ്റ്റിലായ പ്രതികള്‍ പണം മോഷ്ടിച്ചിരുന്നു. എന്നാല്‍ കുംഭമേളയുടെ സമയത്ത് രാമക്ഷേത്രത്തിലേക്ക് ധാരാളം ഭക്തരെത്തിയതോടെ വഴിപാടുകളിലും സംഭാവനകളിലും വലിയ വര്‍ധനവ് ഉണ്ടായി. ഇതോടെയാണ് പ്രതികള്‍ മോഷ്ടിക്കുന്ന പണത്തിന്റെ അളവ് വര്‍ധിപ്പിച്ചത്.

രാമക്ഷേത്രത്തിലെ സംഭാവന പണം മോഷ്ടിച്ച സംഭവത്തില്‍ എട്ടുപേരെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ഇവരെ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴാണ് മോഷണരീതി അടക്കമുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്. മോഷ്ടിക്കുന്ന തുക ആദ്യം ശുചിമുറിയില്‍ ഒളിപ്പിച്ച ശേഷം സൗകര്യം നോക്കി പുറത്തെത്തിക്കുന്നതായിരുന്നു ഇവരുടെ പതിവ്. ക്ഷേത്രത്തില്‍ ക്യാമറകള്‍ പതിയാത്ത ഇടങ്ങളും പ്രതികള്‍ക്ക് മുന്‍കൂട്ടി ധാരണയുണ്ടായിരുന്നു.
മോഷ്ടിച്ച തുക ഉപയോഗിച്ച് പ്രതികള്‍ വാങ്ങിക്കൂട്ടിയ സ്വത്തുക്കള്‍ കണ്ടെടുക്കുന്ന പ്രവൃത്തി പൊലീസ് തുടരുകയാണ്. ഇതിനായി ആദായനികുതി വകുപ്പിന്റെ സഹായവും എസ്‌ഐടി തേടിയിട്ടുണ്ട്. അതേസമയം ക്ഷേത്രത്തിലെ കാണിക്ക എണ്ണാന്‍ നിയോഗിച്ചവര്‍ക്കൊപ്പം ഇതിന്റെ ചുമതലയുണ്ടായിരുന്ന ബാങ്ക് ജീവനക്കാരും അന്വേഷണ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ 14 പേരുടെ സംഘത്തിനായിരുന്നു സംഭാവന തുക എണ്ണിത്തിട്ടപ്പെടുത്താനുള്ള ചുമതലയുണ്ടായിരുന്നത്. കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികളുടെയും വസതികളില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍നിന്നും ഇടപാടുകളുടെ വിവരങ്ങളും ശേഖരിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യല്‍.

 

 

Leave a Reply

Your email address will not be published. Required fields are marked *