മുംബൈയില്‍ കനത്ത മഴ;അതിതീവ്ര മഴയ്ക്ക് സാധ്യത

മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ ദുരിതം. വ്യാഴാഴ്ച രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. ഇതോടെ വെസ്റ്റേണ്‍, ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേകളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗതം താറുമാറായതോടെ രാവിലെ ജോലിക്ക് പോകുന്നവരെ ഉള്‍പ്പെടെ ബാധിച്ചു.വെസ്റ്റേണ്‍ ഹൈവേയില്‍ സാന്താക്രൂസ് ഈസ്റ്റ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. ഈസ്റ്റേണ്‍ ഹൈവേയില്‍ കുര്‍ളയ്ക്കും സിയോണിനും ഇടയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. പ്രിയദര്‍ശിനി പാര്‍ക്കിന് സമീപത്തും ഗതാഗതം താറുമാറായി.കനത്ത മഴ തുടരുന്നതിനാല്‍ അടിയന്തര സേവനങ്ങള്‍ക്കായി ദുരന്തനിവാരണ സേനാംഗങ്ങള്‍ ഉള്‍പ്പെടെ രംഗത്തുണ്ട്. മാരോള്‍ മിലിട്ടറി റോഡില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം മുറിച്ചുനീക്കിയത്.മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 50-60 കി.മീ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയുടെ കിഴക്കന്‍ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *