സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വര്‍ണം തട്ടിയ കേസ്: ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു

 

തിരുവനന്തപുരം: വെങ്ങാനൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. വെങ്ങാനൂര്‍ ചാവടിനട സ്വദേശിനി ഐശ്വര്യ (32) ആണ് മരിച്ചത്. ഐശ്വര്യയും കഴിഞ്ഞദിവസം മരിച്ച വെണ്ണിയൂര്‍ നെല്ലിവിള ജയഭവനില്‍ വിഷ്ണുവിന്റെ ഭാര്യ അഞ്ജുവും(28) സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്.
കേസില്‍ അറസ്റ്റിലായ പ്രതി പനങ്ങോട് സ്വദേശി സിന്ധുകുമാരി (53)യുടെ പങ്ക് കത്തെഴുതിവച്ച ശേഷമാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അഞ്ജു ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചു. പ്രതി സിന്ധുകുമാരിയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. വിഴിഞ്ഞം പൊലീസ് മലയിന്‍കീഴ് മച്ചേലിലെ ബന്ധുവീട്ടില്‍ നിന്ന് ഞായറാഴ്ച അറസ്റ്റുചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.
സിന്ധുകുമാരിയുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ വ്യാജ വിസിറ്റിംഗ് കാര്‍ഡുകളും ബില്‍ ബുക്കും കണ്ടെടുത്തു. പ്രതിക്കെതിരെ കോവളം സ്റ്റേഷനില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് രണ്ടുകേസും മലയില്‍കീഴ് സ്റ്റേഷനില്‍ വഞ്ചനാകുറ്റത്തിന് കേസുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ ഇവര്‍ക്കെതിരെ പരാതിപ്രളയമാണ്. പത്തിലധികം പരാതികള്‍ പൊലീസിന് ലഭിച്ചു.
വിശ്വാസം നേടിയ ശേഷം തട്ടിപ്പ്
മുമ്പ് സ്വര്‍ണ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന പ്രതി യുവതികളെ പരിചയത്തിലാക്കി വിശ്വാസ്യത നേടിയെടുത്തു. തുടര്‍ന്ന് യുവതികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇടപാടുകാര്‍ പണയം വയ്ക്കുന്ന സ്വര്‍ണം കുറഞ്ഞ പലിശയ്ക്ക് കെ.എസ്.എഫ്.ഇയില്‍ വയ്ക്കാമെന്ന് പറഞ്ഞ് വാങ്ങി. സ്ഥാപന ഉടമ അറിയാതെയായിരുന്നു ഇത്. എന്നാല്‍ ഈ സ്വര്‍ണം വില്‍ക്കുന്ന കാര്യം യുവതികള്‍ക്ക് അറിയില്ലായിരുന്നു.
പണയംവച്ചതിന്റെ കമ്മിഷനെന്ന പേരില്‍ യുവതികള്‍ക്ക് സിന്ധുകുമാരി പണം നല്‍കി. ഇടപാടുകാര്‍ വന്നപ്പോള്‍ ആദ്യം ഒരു തവണ പ്രതി സ്വര്‍ണം തിരികെ നല്‍കി. പിന്നീട് ഇടപാടുകാരെത്തിയപ്പോള്‍ പ്രതി സ്വര്‍ണം നല്‍കിയില്ല. ഇതോടെ യുവതികള്‍ കടം വാങ്ങി പണയംവച്ച തൂക്കത്തിനുള്ള സ്വര്‍ണം ഉടമസ്ഥര്‍ക്ക് വാങ്ങി നല്‍കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്വര്‍ണം കോവളത്തെ മറ്റൊരു പണമിടപാട് സ്ഥാപനത്തില്‍ സിന്ധുകുമാരി വില്‍ക്കുകയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *