കശുവണ്ടി അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തരവിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ സി.ബി.ഐ.ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള പുതുക്കിയ ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ ഇറക്കിയ ഉത്തരവിലുണ്ടായിരുന്ന ഹൈക്കോടതി വിരുദ്ധ പരാമര്‍ശങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് വ്യവസായ വകുപ്പ് പുതിയ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജുവാണ് ഹൈക്കോടതിയില്‍ ഉത്തരവ് സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവിനെതിരെ പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാമെന്ന മുന്‍ ഉത്തരവിലെ വിവാദ ഭാഗം പുതിയ സത്യവാങ്മൂലത്തില്‍നിന്ന് സര്‍ക്കാര്‍ നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരിനുള്ള അവകാശം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ അനുമതി നല്‍കിയിരിക്കുന്നത്. കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മാത്രമാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതെന്നും, ഹൈക്കോടതി തെളിവുകള്‍ സ്വയം വിലയിരുത്തി വിചാരണാ കോടതിയെപ്പോലെ പ്രവര്‍ത്തിച്ചുവെന്നുമുള്ള പരാമര്‍ശങ്ങളായിരുന്നു മുന്‍ ഉത്തരവിലുണ്ടായിരുന്നത്. സര്‍ക്കാരിന് സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ അവസരമില്ലാതെ കോടതി ഉത്തരവ് അനുസരിക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്ന ധ്വനി നല്‍കുന്ന ഈ ഉത്തരവിലെ കാര്യങ്ങള്‍ ആര്‍. ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് ഈ ഭാഗങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തത്.

പ്രോസിക്യൂഷന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ ഐ.എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റും കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനുമായ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.എ. രതീഷ് എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് വിചാരണ നേരിടേണ്ടി വരും. കോടതിയുടെ നിശിതമായ വിമര്‍ശനങ്ങള്‍ക്കും കോടതിയലക്ഷ്യ നടപടികളിലേക്ക് കടക്കുമെന്ന കടുത്ത മുന്നറിയിപ്പുകള്‍ക്കുമൊടുവിലാണ് സര്‍ക്കാര്‍ വഴങ്ങിയത്. കേസ് പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച്, ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ സര്‍ക്കാരിന് രണ്ട് ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *