ബെയ്ജിംഗ്: ദക്ഷിണ ചൈനയില്‍ കനത്ത നാശം വിതച്ച് മെയ്‌സാക് ചുഴലിക്കാറ്റ്. കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും രണ്ടുപേര്‍ മരിക്കുകയും മൂന്ന് പ്രധാന അണക്കെട്ടുകള്‍ തകരുകയും ചെയ്തു. സുരക്ഷ മുന്‍നിര്‍ത്തി ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു.
ദക്ഷിണ ചൈനയിലെ ഗുവാംഗ്‌സി പ്രവിശ്യയുടെ തലസ്ഥാനമായ നാനിംഗില്‍ മാത്രം 55,000-ത്തോളം പേരെ പ്രളയം നേരിട്ട് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഏകദേശം 48,000 പേരെയാണ് നാനിംഗില്‍ നിന്ന് മാത്രം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ചൈനീസ് അധികൃതര്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പല പ്രദേശങ്ങളിലും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ പത്തിലധികം ഡ്രോണുകള്‍ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം, ഫുലോംഗ് ഗ്രാമത്തില്‍ ബൈക്കില്‍ സഞ്ചരിക്കവെ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയ രണ്ടുപേരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണ്.
പ്രളയക്കെടുതിയെത്തുടര്‍ന്ന് ഗ്വാംഗ്‌സി മേഖലയില്‍ റെയില്‍, ജലഗതാഗതം തടസപ്പെട്ടു. നാനിംഗില്‍ നിന്ന് വിയറ്റ്നാമിലെ ഗിയ ലാമിലേക്കുള്ള അന്താരാഷ്ട്ര ട്രെയിന്‍ സര്‍വീസുകളും മുന്നൂറിലധികം പാസഞ്ചര്‍ ഫെറികളും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.