തിരുവനന്തപുരം: അഞ്ചുപേരുടെ മരണത്തിനിടയായ വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റെ വികസനത്തിനായി ആത്മാര്‍ഥമായി പണിയെടുക്കുന്നവര്‍ക്ക് ഇത്തരം അപകടങ്ങള്‍ കാണുമ്പോള്‍ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ഇതില്‍നിന്ന് കൃത്യമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഒരാഴ്ച മുന്‍പ് അപകടസ്ഥലത്തെ മണ്ണ് മാറ്റണമെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടും അത് പാലിച്ചില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
തന്റെ ഓഫീസില്‍ ലഭിച്ച അപകടത്തിന്റെ വിവരങ്ങളും വീഡിയോകളും പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും എല്ലാസഹായവും സംസ്ഥാന സര്‍ക്കാരിന് ലഭിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പ്രധാനമന്ത്രി നിലവില്‍ വിദേശത്താണെങ്കിലും വിവരങ്ങള്‍ അദ്ദേഹത്തെ കൃത്യമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സ്ഥിതിഗതികള്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്നും ഏതെങ്കിലും സാങ്കേതിക സഹായമോ വിദഗ്ധ സേവനമോ ആവശ്യമാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ അത് നല്‍കാന്‍ തയ്യാറാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി.