കൊൽക്കത്ത: പശ്ചിമബംഗാളിൽ 11 കാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികളിലൊരാൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കേസിലെ മുഖ്യപ്രതി പ്രഭാഷ് മൊണ്ടലാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം രാത്രി തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്തെത്തിച്ചപ്പോഴായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിയെടുത്ത് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലീസ് ഇയാൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ആനന്ദ സർദാർ, ദിബാകർ സർദാർ, കബീർ മൊല്ല എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്‌ച കൂട്ടുകാരിക്ക് ജന്മദിന സമ്മാനം വാങ്ങാനായി പുറത്തുപോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. ഞായറാഴ്‌ച രാവിലെ സൂര്യപുർ ഹാട്ട് പ്രദേശത്തെ കുളത്തിൽനിന്ന് ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നാലെ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടി അതിക്രൂര പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയത്.
അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ അനുസരിച്ച്, പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്കെത്തിച്ചത് പ്രഭാസ് മൊണ്ടലിനാണ്. അവിടെ കാത്ത് നിന്ന മറ്റ് രണ്ട് പ്രതികളുമായി ചേർന്ന് കുറ്റകൃത്യം നടത്തിയ ശേഷം പെൺകുട്ടിയെ ചാക്കിനുള്ളിലാക്കി കുളത്തിലേക്ക് എറിയുകയായിരുന്നു. ഈ സമയം കുട്ടിക്ക് ജീവനുണ്ടായിരുന്നതായാണ് ഡോക്‌ടർമാർ വ്യക്തമാക്കിയത്. തലയ്‌ക്കേറ്റ പരിക്കിനെ തുടർന്നുണ്ടായ അമിത രക്തസ്രാവവും ശ്വാസകേശത്തിൽ വെള്ളം കയറിയതുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ മാരകമായി പരിക്കേറ്റതായും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ കടിച്ചുകീറിയതായും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് വ്യാപകപ്രതിഷേധമാണ് നടക്കുന്നത്. പ്രകോപിതരായ നാട്ടുകാർ റെയിൽവേ പാളങ്ങളും പൊലീസ് വാഹനങ്ങളും ഉൾപ്പെടെ തല്ലിത്തകർത്തു. കൊൽക്കത്തയിലെ വിവിധയിടങ്ങളിലായി നടന്ന അക്രമസംഭവങ്ങളിൽ ഇതുവരെ 200 ഓളം പേരെ പ്രതി ചേർത്തിട്ടുണ്ട്. നാലുപേർ ചേർന്ന് കുട്ടിയെ കൂട്ടുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബലാത്സംഗത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് ഇന്ദ്രജിത്ത് മൊണ്ടൽ എന്ന യുവാവിനെ ജനക്കൂട്ടം മർദിച്ച് കൊന്നിരുന്നു. ഈ സംഭവത്തിലും പ്രതികൾക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.