ചെങ്ങന്നൂർ: പെണ്ണുക്കര ആലുംചുവട് ജംഗ്ഷന് സമീപത്തെ നടപ്പാതയിലെ കാട് വെട്ടുന്നതിനെച്ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. ആല പഞ്ചായത്തിലെ പെണ്ണുക്കര പറയന്റെ തെക്കേതിൽ വീട്ടിൽ പ്രശാന്ത് എസ്. പ്രസന്നൻ (36) ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ പിങ്കു എന്നറിയപ്പെടുന്ന സനൽകുമാറും സുദർശൻ എന്നറിയപ്പെടുന്ന അനിൽകുമാറും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 9 നായിരുന്നു സംഭവം. പെണ്ണുക്കര ആലുംചുവട് ജംഗ്ഷന് സമീപം പ്രധാന റോഡിൽ നിന്ന് 100 മീറ്റർ നീളമുള്ള നടപ്പാതയുടെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടിത്തെളിക്കുന്നതിനുള്ള കൂലിയെച്ചൊല്ലി പകൽ സമയത്ത് തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രാത്രിയിൽ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് പ്രശാന്തിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി സനൽകുമാറും അനിൽകുമാറും മറ്റ് രണ്ട് സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചതായാണ് പരാതി. കമ്പിവടി ഉപയോഗിച്ച് പ്രശാന്തിന്റെ തലയ്ക്ക് അടിക്കുകയും നാലുപേരും ചേർന്ന് മർദ്ദിക്കുകയുമായിരുന്നു. പ്രശാന്തിന്റെ വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിന് പരിക്കേൽക്കുകയും തലയ്ക്ക് ആഴത്തിലുള്ള മുറിവേൽക്കുകയും ചെയ്തു. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ചെങ്ങന്നൂർ ഗവ.ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി ചെങ്ങന്നൂർ സി.ഐ. രഗീഷ് കുമാർ അറിയിച്ചു.
നടപ്പാതയിലെ കാട് വെട്ടിത്തെളിച്ചതിനെച്ചൊല്ലി സംഘർഷം ; യുവാവിന് ക്രൂര മർദ്ദനം