മുക്കം: നഗരസഭയിലെ മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദ് കുമാറിനെ (58) നെ മണാശ്ശേരി സ്വദേശി ജയകുമാർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതി രാവിലെ മുതൽ മദ്യപിച്ചെത്തി പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. പരിസരവാസികളുമായി തർക്കമുണ്ടാക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൊലപാതകം നടന്നത്. കൊലപാകത്തിന് ശേഷം
ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി കയ്യേരിക്കൽ ഭാഗത്ത് നിന്നാണ് ഇയാൾ വലയിലാകുന്നത്.
മണാശ്ശേരിയിലെ ഓട്ടോ ഡ്രൈവർ പ്രദീഷ് ആണ് കഴിഞ്ഞ ദിവസം രാവിലെ പ്രതിയെ കണ്ടത്. ഉടൻ തന്നെ ഇയാളെ തടഞ്ഞുനിർത്തുകയും നാട്ടുകാരുടെ സഹായത്തോടെ പൊലീസിൽ ഏൽപ്പിക്കുകയായുമായിരുന്നു. മുക്കം വെസ്റ്റ് മണാശ്ശേരിയിൽ ചൊവ്വാഴ്ച രാത്രി 7.15 ഓടെയാണ് സംഭവം നടന്നത്. വിനോദ് കുമാറിനെയും കുടുംബത്തെയും കിണറിൽ വിഷം ചേർത്ത് കൊല്ലുമെന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു. മുക്കം പൊലീസിൽ ഇവർ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. തെളിവെടുപ്പ് പൂർത്തിയാക്കി. വിനോദ് കുമാറിനെ വെട്ടിയ കൊടുവാൾ വീടിന് പിറകിലെ വാട്ടർ ടാങ്കിൽ നിന്ന് പ്രതി പൊലീസിന് എടുത്തു നൽകി. താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പൊലീസിനു നേരെ പ്രതിഷേധം
തെളിവെടുപ്പ് നടത്തുന്നതിനിടെ നാട്ടുകാരും ബന്ധുക്കളും പൊലീസിനെതിരെ പ്രതിഷേധിച്ചു. വിനോദ്കുമാറിന്റെ ബന്ധുക്കളും പ്രദേശവാസികളുമാണ് പൊലീസിനെതിരെ രംഗത്തെത്തിയത്.
പ്രതിയായ ജയകുമാറുമായി സംഘം തെളിവെടുപ്പിനായി മണാശ്ശേരിയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ. പ്രതി ജയകുമാർമുൻപും നാട്ടുകാരുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നുവെന്നും കൊലപാതകം നടക്കുന്നതിന് മുൻപ്, ഇയാൾ പ്രശ്നമുണ്ടാക്കാൻ തുടങ്ങിയപ്പോൾ തന്നെ നാട്ടുകാർ മുക്കം പൊലീസിനെ വിവരമറിയിച്ചിരുന്നു. എന്നാൽ, നിരവധി തവണ വിളിച്ചിട്ടും പൊലീസ് കൃത്യസമയത്ത് സ്ഥലത്തെത്തിയില്ലെന്നായിരുന്നു ആക്ഷേപം.