പിണറായി ആയിരുന്നെങ്കില്‍ ഒറ്റ കോളില്‍ ഫോണ്‍ എടുക്കുമായിരുന്നു സുകുമാരന്‍ നായര്‍

 

കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവര്‍ത്തിച്ച് എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ജി സുകുമാരന്‍ നായരെ ഫോണില്‍ വിളിച്ചു സംസാരിച്ചെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിനുപിന്നാലെയായിരുന്നു പ്രതികരണം.
‘മുഖ്യമന്ത്രിയെ രണ്ടുതവണ വിളിച്ചു. ആറുദിവസം കഴിഞ്ഞാണ് തിരികെ വിളിച്ചത്. ബഡ്ജറ്റിന്റെ തിരക്കായതുകൊണ്ടാണ് കാണാന്‍ കഴിയാതിരുന്നതെങ്കില്‍ അത് അന്നുതന്നെ പറയാമായിരുന്നു. ഇപ്പോള്‍ ന്യായീകരണം പറയുന്നതില്‍ കാര്യമില്ല. സതീശനെ കാണാനല്ല അനുവാദം ചോദിച്ചത്. മുഖ്യമന്ത്രിയെ കാണാനാണ്. ഒരു വോട്ടര്‍ ആണ് ഞാന്‍. പ്രമുഖ സമുദായ നേതാവ് എന്ന പരിഗണന പോലും ഉണ്ടായില്ല. ആരുടെയും മുന്നില്‍ പിച്ചച്ചട്ടിയുമായി പോയിട്ടില്ല.
ഒരു ഫയലിനെക്കുറിച്ച് സംസാരിക്കാനാണ് കാണാന്‍ ശ്രമിച്ചത്. ഞാന്‍ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു. എനിക്ക് ഇനി ആരെയും കാണേണ്ടതില്ല. മുന്‍പുള്ള മുഖ്യമന്ത്രിമാരില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. പിണറായി വിജയനെ ഒരു തവണ ഫോണ്‍ വിളിച്ചാല്‍ എടുക്കുമായിരുന്നു. തിരക്കുണ്ടെങ്കില്‍ തിരിച്ചുവിളിക്കും.
സുരേഷ് ഗോപി അരുവിക്കര തിരഞ്ഞെടുപ്പ് സമയത്താണ് ഇവിടെ വന്നത്. അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നു. എന്‍എസ്എസുമായി അടുപ്പമുണ്ടെന്ന് കാട്ടാനായിരുന്നു അത്. എന്നിട്ട് ബഡ്ജറ്റ് ദിവസം പുഷ്പാര്‍ച്ചന നടത്താന്‍ വന്നു. അതിന് അനുവദിച്ചിരുന്നു. പെരുന്ന ശുദ്ധീകരിക്കുന്നതിന് മുന്‍പ് സുരേഷ് ഗോപി അമ്മ എന്ന താരസംഘടന ശുദ്ധീകരിക്കട്ടെ’- ജി സുകുമാരന്‍ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *