ചെന്നൈ: വാഗ്ദാനം നല്‍കിയുള്ള ശാരീരിക ബന്ധം ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായി കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയും ഭീഷണിപ്പെടുത്തിയും സ്ത്രീയുമായി പുരുഷന്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമായി കണക്കാക്കാനാകില്ല. സ്ത്രീയും പുരുഷനും തമ്മില്‍ തുടര്‍ച്ചയായുള്ള ശാരീരിക ബന്ധം സ്ത്രീകള്‍ നല്‍കുന്ന അനുമതിയായി കരുതാനാകില്ലെന്നും ജസ്റ്റിസ് എന്‍.ആനന്ദ് വെങ്കടേഷ്, ജസ്റ്റിസ് കെ.രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ജോലി നല്‍കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം ചെയ്ത് ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത യുവാവിന്റെ ജീവപര്യന്തം തടവു ശിക്ഷ ശരിവച്ചാണ് കോടതിയുടെ നിരീക്ഷണം. സ്ത്രീകള്‍ നേരിട്ട സാഹചര്യങ്ങള്‍ മുഴുവനായി വിലയിരുത്തിയ ശേഷമേ ഇത്തരം കേസുകളില്‍ വിധി പറയാവൂവെന്നും പറഞ്ഞു. അതേസമയം, പുരുഷന്മാരുമായി ബന്ധം പുലര്‍ത്തുമ്പോള്‍ പെണ്‍കുട്ടികളും സ്ത്രീകളും വളരെ ശ്രദ്ധിക്കണമെന്നും സ്വകാര്യ ഫോട്ടോകളോ വിഡിയോകളോ ഇലക്ട്രോണിക് മാര്‍ഗങ്ങളിലൂടെ പങ്ക് വയ്ക്കരുതെന്നും കോടതി നിര്‍ദേശിച്ചു.