ബംഗാൾ ഉൾക്കടലിൽ ബോട്ട് മുങ്ങി 500 മരണം; യാത്രക്കാർ രോഹിങ്ക്യൻ അഭയാർത്ഥികൾ

നേപ്പിദോ: ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികളുമായിപോയ ബോട്ട് മുങ്ങി 500 പേർ മരിച്ചതായി യുഎൻ റിപ്പോർട്ട്. മ്യാൻമറിലെ രാഖൈൻ തീരത്ത് നിന്നും യാത്രതിരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്. മ്യാൻമറിൽ യുദ്ധവും അക്രമവും രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷിതത്വവും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും തേടി കടൽമാർഗം രക്ഷപ്പെടാൻ ശ്രമിച്ച അഭയാർത്ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. മേഖലയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ബോട്ട് ദുരന്തമാണിതെന്നാണ് യുഎൻ അറിയിച്ചത്.

അന്താരാഷ്‌ട്ര കുടിയേറ്റ സംഘടനയും ഐക്യരാഷ്‌ട്രസഭയുടെ അഭയാർത്ഥി ഏജൻസിയും സംയുക്തമായാണ് ഇക്കാര്യം അറിയിച്ച് പ്രസ്‌താവനയിറക്കിയത്. യാത്രക്കാരിൽ ഭൂരിഭാഗവും ബംഗ്ലാദേശിലെ കോക്‌സ് ബസാർ അഭയാർത്ഥി ക്യാമ്പുകളിൽനിന്നുൾപ്പെടെയുള്ള രോഹിങ്ക്യൻ അഭയാർത്ഥികളായിരുന്നെന്ന് പ്രസ്‌‌താവനയിൽ പറയുന്നു. അപകടത്തിൽ 500 -ലധികം പേർ മരിച്ചിരിക്കാമെന്നും മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് യുഎൻ സംഘടനകൾ വ്യക്തമാക്കി.ഏകദേശം 250 യാത്രക്കാരുമായി പുറപ്പെട്ട ആദ്യ ബോട്ടുമായുള്ള ബന്ധം യാത്ര ആരംഭിച്ചതിന് തൊട്ടുപിന്നാലെ നഷ്‌ടപ്പെട്ടതായി റിപ്പോർട്ടുണ്ട്. രണ്ടാമത്തെ ബോട്ട് ഏകദേശം 280 പേരുമായാണ് യാത്ര ചെയ്‌തിരുന്നതെന്ന് യുഎൻ ഏജൻസികൾ അറിയിക്കുന്നു. ജൂലായ് എട്ടിനാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം. സാധാരണയായി കടൽയാത്രകൾ ഒഴിവാക്കുന്ന കാലഘട്ടത്തിലാണ് ഈ യാത്രകൾ നടന്നതെന്നും ഈ സമയത്ത് കടൽ കൂടുതൽ പ്രക്ഷുബ്‌ദ്ധമായതിനാൽ അപകടസാദ്ധ്യത വളരെ കൂടുതലാണെന്നും യുഎൻ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *