കടയിൽ ബഹളം വയ്ക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയ യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമം

കൊച്ചി: കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി ചെറിയ വാപ്പാലശ്ശേരി സ്വദേശി മനു മണി (27 യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെഎസ് സുദർശന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി ആണ് ഉത്തരവിട്ടത്. നെടുമ്പാശ്ശേരി, കാലടി, ആലുവ ഈസ്റ്റ്, ഇടുക്കി ജില്ലയിലെ കാഞ്ഞാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകം, കൊലപാതക ശ്രമം, മോഷണം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ടയാളാണ്. 2020-ൽ നെടുമ്പാശ്ശേരി കയ്യാലപ്പടി പഴം ചിറ ഭാഗത്ത് വച്ച് അങ്കമാലി തുറവൂർ സ്വദേശി ജിസ്മോനെ കൊലപ്പെടുത്തിയ കേസിലെ 3-ാം പ്രതിയാണ്.

കഴിഞ്ഞ ഏപ്രിൽ 10-ന് പുലർച്ചെ ആലുവ പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപത്തുള്ള കടയിൽ വച്ച് ഇയാളും മറ്റ് പ്രതികളും കടയിൽ ബഹളം വയ്ക്കുന്നത് ഒരു യുവാവ് മൊബൈൽ ഫോണിൽ പകർത്തിയതിലുള്ള വിരോധത്താൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച യുവാവിന്‍റെ ഭാര്യയെ അസഭ്യങ്ങൾ വിളിച്ച് ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയതതിനും ആലുവ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായതിനെ തുടർന്നാണ് നടപടി. നെടുമ്പാശ്ശേരി പൊലീസ് ഇൻസ്പെക്ടർ ബി കെ അരുൺ, സബ്ബ് ഇൻസ്പെക്ടർ പി ജി സാബു, അസി. സബ്ബ് ഇൻസ്പെക്ടർ എംഎസ് അജിത്ത് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എംഎ ഷക്കീർ, എംടി പ്രജിത്ത്, എസ് സുബ്രമഹ്ണ്യൻ, എന്നിവാരാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *