ISRO യില്‍ സംഭവിയ്ക്കുന്നത് എന്ത് ?

ശമ്പളം കുറഞ്ഞിട്ടാണോ ശാസ്ത്രജ്ഞര്‍ പിരിഞ്ഞ് പോകുന്നത് യഥാര്‍ഥ പ്രശ്നമെന്ത്?
ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ ചന്ദ്രനേയും ചൊവ്വയേയും ലക്ഷ്യംവെച്ച് മുന്നേറുകയാണ്. അതിനിടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയ്ക്ക് തലവേദന സൃഷ്ടിച്ച് ചില പ്രതിസന്ധികള്‍ ഉയര്‍ന്നുവരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ നൂറിലധികം ശാസ്ത്രജ്ഞരാണ് ഐഎസ്ആര്‍ഓയില്‍നിന്ന് രാജിവെക്കുകയോ സ്വയം വിരമിക്കുകയോ ചെയ്തത്. ഇതോടെ ബഹിരാകാശ ഗവേഷണ രംഗത്തെ പ്രതിഭകളെ നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടേണ്ടിവന്നു. ഗഗന്‍യാന്‍ ഉള്‍പ്പെടെയുള്ള ദേശീയ പ്രാധാന്യമുള്ള പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജിയും സ്വയം വിരമിക്കലും ഇനി പതിവ് നടപടികളിലൂടെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ബഹിരാകാശ വകുപ്പ്.
ശാസ്ത്രജ്ഞര്‍ ഐ.എസ്.ആര്‍.ഒ. വിടുന്നത് എന്തുകൊണ്ട്?
ഒരുകാലത്ത് ബഹിരാകാശ സാങ്കേതികവിദ്യയില്‍ കരിയര്‍ സ്വപ്നം കണ്ടിരുന്ന ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ പ്രധാന ലക്ഷ്യം ഐ.എസ്.ആര്‍.ഒ ആയിരുന്നു. എന്നാല്‍ 2020-ല്‍ സ്വകാര്യ മേഖലക്ക് സര്‍ക്കാര്‍ വാതില്‍ തുറന്നതോടെ സ്ഥിതി മാറി.
സ്‌കൈറൂട്ട് എയറോസ്‌പേസ്, അഗ്‌നികുല്‍ കോസ്‌മോസ്, പിക്‌സല്‍, ബെല്ലാട്രിക്‌സ് എയറോസ്‌പേസ്, ധ്രുവ സ്‌പേസ്, ദിഗന്തര തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍, പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങള്‍, ബഹിരാകാശ സേവനങ്ങള്‍ എന്നിവയില്‍ അതിവേഗമുന്നേറ്റമാണ് നടത്തുന്നത്. ഇതോടെ ഐ.എസ്.ആര്‍.ഒ.യില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന പരിചയസമ്പന്നരായ ശാസ്ത്രജ്ഞര്‍ക്ക് മുന്നിലും പുതിയ അവസരങ്ങള്‍ തുറന്നു.
സ്വകാര്യ കമ്പനികള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന ശമ്പളം, കമ്പനിയുടെ ഓഹരികള്‍, വേഗത്തിലുള്ള സ്ഥാനക്കയറ്റം, ഗവേഷണ സ്വാതന്ത്ര്യം, പുതിയ സാങ്കേതികവിദ്യകളില്‍ നേതൃത്വപരമായ പങ്ക് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഐ.എസ്.ആര്‍.ഒ.യിലെ നിരവധി മുന്‍ ശാസ്ത്രജ്ഞര്‍ തന്നെ ഇത്തരം പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും നേതൃത്വം നല്‍കുന്നു എന്നതും പുതിയ തലമുറയെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ്.
ശമ്പളം മാത്രമല്ല പ്രശ്‌നം
ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്കിന് പിന്നില്‍ സാമ്പത്തിക കാരണങ്ങള്‍ മാത്രമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗഗന്‍യാന്‍ ജി-1 പരീക്ഷണദൗത്യം, എസ്.എസ്.എല്‍.വി.-എല്‍ 1 വിക്ഷേപണം, ജി.എസ്.എല്‍.വി.-എഫ് 17 ദൗത്യങ്ങള്‍ തുടങ്ങി പല പദ്ധതികളും പ്രഖ്യാപിച്ച സമയക്രമം പിന്നിട്ടു. പി.എസ്.എല്‍.വി. ദൗത്യങ്ങളിലെ തിരിച്ചടികളും പദ്ധതികളുടെ പുരോഗതിയെ ബാധിച്ചു.
സാങ്കേതിക-ഭരണപരമായ തീരുമാനങ്ങള്‍ കൂടുതല്‍ കോന്ദ്രീകൃതമായതോടെ നടപടികള്‍ വൈകുന്നുവെന്നും പ്രവര്‍ത്തന സ്വാതന്ത്ര്യം കുറയുന്നുവെന്നും ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സാഹചര്യവും ചിലരെ സ്വകാര്യ മേഖലയിലേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നതായി വിലയരുത്തപ്പെടുന്നു.
കേരളത്തിലും സ്വാധീനം
തിരുവനന്തരപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (VSSC), യു.ആര്‍. റാവു സാറ്റലൈറ്റ് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ശാസ്ത്രജ്ഞര്‍ സ്വയം വിരമിക്കലിന് അപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലെ സ്‌പേസ് സ്റ്റാര്‍ട്ടപ്പുകളില്‍ ഐ.എസ്.ആര്‍.ഒ.യിലെ മുന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും വര്‍ധിച്ചിട്ടുണ്ട്.
ഗഗന്‍യാന്‍, എല്‍.വി.എം.-3, സ്‌പേസ് ഡോക്കിങ് എക്‌സ്പിരിമെന്റ് (SpaDeX), ചന്ദ്രയാന്‍-3 തുടങ്ങിയ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചില പ്രമുഖരും ഇതിനകം സ്വകാര്യ മേഖലയിലേക്ക് ചേക്കേറിയിട്ടുണ്ട്.
കേന്ദ്രത്തിന്റെ അടിയന്തര നീക്കം
ജൂലായ് 14-ന് പുറത്തിറങ്ങിയ ബഹിരാകാശ വകുപ്പിന്റെ ഉത്തരവ് പ്രകാരം ഗഗന്‍യാന്‍ ഉള്‍പ്പെടെയുള്ള ദേശീയ പ്രാധാന്യമുള്ള പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജി ഇനി ബന്ധപ്പെട്ട കേന്ദ്ര ഡയറക്ടര്‍മാര്‍ക്ക് നേരിട്ട് അംഗീകരിക്കാനാകില്ല. ഓരോ അപേക്ഷയും ബഹിരാകാശ വകുപ്പിന്റെ അന്തിമ അനുമതിക്ക് വിധേയമായിരിക്കും.
ഐ.എസ്.ആര്‍.ഒ.യില്‍ ആകെ 14,600-ലധികം ജീവനക്കാരുണ്ടെങ്കിലും രാജിവെക്കുന്നവരുടെ എണ്ണം അതിന്റെ ചെറിയൊരു ശതമാനം മാത്രമണ്. എന്നിരുന്നാലും, വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള വിദഗ്ദരെയാണ് നഷ്ടമാകുന്നെന്നതിനാല്‍ അതിന്റെ ആഘാതം വളരെ വലുതാണെന്നാണ് വിലയിരുത്തല്‍.
പ്രതിഭകളെ പിടിച്ചുനിര്‍ത്തേണ്ട സമയം
രാജി നിയന്ത്രിക്കുന്നതിലൂടെ മാത്രം പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. നാസ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവയുടെ മാതൃകയില്‍ സ്ഥിരം ജീവനക്കാരും പ്രോജക്ട് അടിസ്ഥാനത്തിലുള്ള വിദഗ്ദരും ഉള്‍പ്പെടുത്തുന്ന രീതി സ്വീകരിക്കണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.
സ്വകാര്യ ബഹിരാകാശ കമ്പനികളുടെ വളര്‍ച്ച ഇന്ത്യയുടെ ബഹിരാകാശ മേഖലയ്ക്ക് ഗുണകരമാണെങ്കിലും, അതോടൊപ്പം ഐ.എസ്.ആര്‍.ഒ.യുടെ ഏറ്റവും വലിയ വെല്ലുവിളി ഇനി പുതിയ പ്രതിഭകളെ കണ്ടെത്തുക മാത്രമല്ല, രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് അടിത്തറയിട്ട പ്രതിഭകളെ സ്ഥാപനത്തില്‍ തന്നെ നിലനിര്‍ത്തുക എന്നതുകൂടിയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *