പാലത്തിന്റെ കൈവരി തകർത്ത് കാർ നദിയിലേക്ക്; അധ്യാപകനും രണ്ടുമക്കളും മുങ്ങിമരിച്ചു

മുംബൈ: പാലത്തിൽനിന്ന് കാർ നദിയിലേക്ക് വീണ് അധ്യാപകനും രണ്ടുമക്കളും മരിച്ചു. ഹിമായത്ത് ന​ഗറിലെ ജില്ലാ പരിഷത്ത് സ്കൂളിലെ അധ്യാപകനായ സുനിൽ മോറെ(42) മക്കളായ സാറ(12) സുമിത്(8) എന്നിവരാണ് മരിച്ചത്. പാലത്തിൽനിന്ന് കൈവരി തകർത്താണ് കാർ നദിയിലേക്ക് വീണത്. അതേസമയം, സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നി​ഗമനം. വാഹനമോടിച്ചിരുന്ന സുനിൽ മോറെ മനഃപൂർവം പാലത്തിൽനിന്ന് നദിയിലേക്ക് കാറോടിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്.

അംദുര-പൂനെ​ഗാവ് റോ‍ഡിൽ വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. പാലത്തിൽ കയറിയ കാർ പിന്നാലെ കൈവരിയും തകർത്ത് ​ഗോദാവരി നദിയിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. അതേസമയം, സുനിലിന്റെ ഭാര്യ ഇതേസമയം വീട്ടിലായിരുന്നു.

സംഭവത്തിന് തൊട്ടുമുൻപ് സ്കൂളിലെ സീനിയർ അധ്യാപകരുടെ മാനസികപീഡനത്തെക്കുറിച്ച് സുനിൽ വാട്സാപ്പ് സ്റ്റാറ്റസ് പങ്കുവെച്ചിരുന്നതായി പൊലീസ് പറഞ്ഞു. മക്കൾക്കൊപ്പം താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്നും സ്റ്റാറ്റസിലുണ്ടായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നദിയിൽനിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *