ബംഗാളിലും ബുൾഡോസർ; അഭിഷേക് ബാനർജിയുടെ ഓഫിസ് കെട്ടിടം പൊളിച്ചുനീക്കി

കൊൽക്കത്ത∙ അനധികൃത നിർമാണമെന്ന് ചൂണ്ടിക്കാട്ടി അഭിഷേക് ബാനർജി എംപിയുടെ ഓഫിസ് കെട്ടിടം ബുൾഡോർ ഉപയോഗിച്ച് ജില്ല ഭരണകൂടം പൊളിച്ചുനീക്കി. ടിഎംസി ദേശീയ ജനറൽ സെക്രട്ടറിയുടെ നോർത്ത് 24 പർഗാനാസിലെ ഓഫിസ് കെട്ടിടമാണ് പൊളിച്ചത്. കെട്ടിട നിയമങ്ങൾ ലംഘിച്ചും പ്ലാൻ ഇല്ലാതെയുമാണ് അഞ്ച് നില കെട്ടിടം നിർമിച്ചതെന്ന് ജില്ല ഭരണകൂടം അറിയിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥയെ തുടർന്ന് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

കെട്ടിടം അനധിക‍ൃതമായാണ് നിർമിച്ചതെന്ന് ആരോപിച്ച് ജില്ലാ ഭരണകൂടത്തിന് പരാതി ലഭിച്ചിരുന്നു. ലീപ്സ് ആൻഡ് ബൗണ്ട്സ് എന്ന കമ്പനിയുടെ ഭൂമിയിലാണ് ഓഫിസ് സമുച്ചയം സ്ഥിതിചെയ്യുന്നതെന്ന് ഭരണകൂടം പതിച്ച നോട്ടിസിൽ പറയുന്നു. ഉടമസ്ഥാവകാശ രേഖകളും കെട്ടിട നിർമാണ രേഖകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നൽകിയ രണ്ട് നോട്ടിസുകൾക്കും മറുപടി ലഭിച്ചില്ലെന്നും പിന്നാലെയാണ് പൊളിക്കൽ നടപടികളിലേക്ക് കടന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വാദം കേട്ടതിന് ശേഷം നിയമാനുസൃതമായി തുടർനടപടികൾ സ്വീകരിക്കുമെന്ന് നോർത്ത് 24 പർ ഗാനാസിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.

പ്രതികാരവും അക്രമാസക്തവുമായ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബിജെപി അധികാരത്തിലേറിയതോടെ ബുൾഡോസർ രാജ് ബംഗാളിലും എത്തിയെന്നും ടിഎംസി പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *