കുവൈത്തിലെ പ്രമുഖ എണ്ണ ഉൽപാദന കേന്ദ്രത്തിനു നേരെ ഇറാന്റെ ആക്രമണം;

കുവൈത്ത് സിറ്റി∙ രാജ്യത്തിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ കുവൈത്തിലെ പ്രമുഖ എണ്ണ ഉൽപാദന കേന്ദ്രത്തിന് (ഓയിൽ ഫെസിലിറ്റി) നേരെയും ആക്രമണമുണ്ടായതായി കുവൈത്ത് ഔദ്യോഗിക വാർത്താ ഏജൻസി (കുന) സ്ഥിരീകരിച്ചു.

കുവൈത്ത് പെട്രോളിയം കോർപറേഷനെ (കെപിസി) ഉദ്ധരിച്ചാണ് വാർത്ത പുറത്തുവന്നത്. ആക്രമണത്തിൽ ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും എണ്ണക്കടത്തിന് വൻ തോതിൽ ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതിനെത്തുടർന്ന് ജീവനക്കാരെ ഇവിടെനിന്ന് അടിയന്തരമായി ഒഴിപ്പിച്ചു.

സാധാരണക്കാരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയുയർത്തി, അവശ്യ അടിസ്ഥാന സൗകര്യങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആസൂത്രിതമായ ആക്രമണ സ്വഭാവമാണ് ഇറാന്റേതെന്ന് കുവൈത്ത് ഭരണകൂടം കുറ്റപ്പെടുത്തി. ഇന്ന് രാവിലെ രണ്ടാമതൊരു വൈദ്യുതി നിലയത്തിനും ജലശുദ്ധീകരണ പ്ലാന്റിനും നേരെ ഇറാന്റെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ, രാജ്യത്തിന് നേരെയുള്ള ഈ അധിനിവേശത്തെ കുവൈത്ത് ശക്തമായി അപലപിച്ചു.

സ്വയം പ്രതിരോധിക്കാനുള്ള പരമാധികാര അവകാശം മുൻനിർത്തി, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും സുപ്രധാന കേന്ദ്രങ്ങൾ സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ തങ്ങൾക്ക് പൂർണ അവകാശമുണ്ടെന്നും കുവൈത്ത് വ്യക്തമാക്കി. ഷെയ്ഖ് ഭരണകൂടം സ്ഥിതിഗതികൾ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.

∙ ജസീറ എയർവേസ് സർവീസുകൾ തടസ്സപ്പെട്ടു
കുവൈത്ത് രാജ്യാന്തര വിമാനത്താവളവും വ്യോമപാതയും അധികൃതർ ഇടയ്ക്കിടെ അടച്ചിടുന്ന സാഹചര്യത്തിൽ തങ്ങളുടെ സർവീസുകളെ ഇത് സാരമായി ബാധിച്ചതായി പ്രമുഖ വിമാനക്കമ്പനിയായ ജസീറ എയർവേസ് അറിയിച്ചു. വിമാന സർവീസുകൾ പരമാവധി സുഗമമായി നടത്താനും വൈകുന്നത് ഒഴിവാക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും, യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് തങ്ങളുടെ വിമാനങ്ങളുടെ കൃത്യമായ സമയവിവരം ഓൺലൈൻ വഴി പരിശോധിക്കണമെന്ന് കമ്പനി നിർദേശിച്ചു.

യാത്രക്കാർ ബുക്കിങ് സമയത്ത് നൽകിയ ഫോൺ നമ്പറുകളും മറ്റ് വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വിമാനത്താവള പരിസരങ്ങളിലും റോഡുകളിലും പൊലീസിന്റെ കടുത്ത സുരക്ഷാ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *