പവർ കട്ടുണ്ടാകുമെന്ന് കെഎസ്ഇബി; വീഴ്ച പരിഹരിക്കാൻ നടപടിയില്ല

തിരുവനന്തപുരം: ആസൂത്രണത്തിലെ പാളിച്ച പരിഹരിക്കാൻ സർക്കാര്‍ ഇടപെടൽ ഇല്ലാതായതോടെ കേരളം ഇന്നും ഇരുട്ടിലാകും. ശനിയാഴ്ച വൈകുന്നേരം പീക്ക് സമയങ്ങളിൽ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എന്നാൽ വൈദ്യുതി എപ്പോൾ പോകുമെന്നോ എത്രനേരം നിയന്ത്രണം നീളുമെന്നോ ഒരറിയിപ്പുമില്ല.

വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 200 മുതൽ 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബി കണക്കുകൂട്ടുന്നത്.

തുടർ‌ച്ചയായുള്ള പവർ കട്ടിൽ യുഡിഎഫ് സർക്കാരിനെതിരെ ജനങ്ങളാകെ പ്രതിഷേധത്തിലാണ്. അടിയന്തര ശസ്‌ത്രക്രിയകളടക്കം മുടങ്ങുമോ എന്ന ആശങ്കയിലാണ്‌ ആരോഗ്യപ്രവർത്തകർ. വ്യവസായം, ഹോസ്റ്റലുകൾ, ഹോട്ടലുകൾ തുടങ്ങിയവ വൻ പ്രതിസന്ധിയിലാണ്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ മിക്കവാറും തെരുവുവിളക്കുകൾ കണ്ണടച്ചു. ഏത് സമയവും വൈദ്യുതി നിലയ്‌ക്കുന്ന സ്ഥിതി കുട്ടികളുടെ പഠനത്തെയും ബാധിക്കുന്നുണ്ട്.

അര മണിക്കൂർ വൈദ്യുതി നിലയ്‌ക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാല്‍ രാത്രി ഏഴിന് ശേഷം പലയിടത്തും അരമണിക്കൂറിലേറെ കട്ട്‌ പതിവായി. എപ്പോള്‍ വരുമെന്ന് കെഎസ്‌ഇബിയില്‍ അന്വേഷിച്ചാല്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. പലയിടത്തും പകൽനേരത്തും അരമണിക്കൂറിലേറെ വൈദ്യുതി മുടങ്ങുന്നുണ്ട്‌.

ജൂൺ 16നാണ്‌ യുഡിഎഫ്‌ സർക്കാർ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്‌. വിമർശമുയർന്നതോടെ ഒരു മണിക്കൂർ മുമ്പെങ്കിലും ഉപയോക്താക്കൾക്ക്‌ അറിയിപ്പ്‌ നൽകണമെന്ന്‌ റെഗുലേറ്ററി കമീഷൻ കർശന നിർദേശം നൽകി. അതും നടപ്പാക്കുന്നില്ല. സ‍ൗരോർജ കരാറടക്കം നടപ്പാക്കുന്നതോടെ പ്രതിസന്ധി തരണംചെയ്യുമെന്ന വാസ്‌തവവിരുദ്ധ പ്രചാരണവും വൈദ്യുതി ബോര്‍ഡ്‌ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *