ന്യൂയോർക്ക്: ആരാധകർ ഏറെ പ്രതീക്ഷിച്ചിരുന്ന ഗോൾഡൻ ബോൾ പുരസ്‌കാരവും ഇത്തവണ അർജന്റീന നായകൻ മെസിക്കില്ല. ഒന്നര പതിറ്റാണ്ടിന് ശേഷം സ്‌പെയിന് ലോകകിരീടം നേടിക്കൊടുത്ത സൂപ്പർതാരം നായകൻ റോഡ്രിക്കാണ് ഗോൾഡൻ ബോൾ പുരസ്‌കാരം ലഭിച്ചത്. ലോകകപ്പിലെ എട്ട് മത്സരങ്ങളും കളിച്ച റോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കാന്റെ എന്ന റോഡ്രി ഏഴ് കളികളിലും സ്‌പെയിനെ വിജയിക്കാൻ വഴിയൊരുക്കി. ഗോൾ രഹിത സമനിലയിൽ കാബോ വെർദെ പിടിമുറുക്കിയ മത്സരം മാത്രമാണ് വിജയിക്കാനാകാത്തത്.
ലോകകപ്പ് ഫൈനലിൽ സ്‌പാനിഷ് മദ്ധ്യനിരതാരമായ അദ്ദേഹം 90 മിനുട്ടും കളിക്കളത്തിലുണ്ടായി. എക്‌സ്‌ട്രാ ടൈമിൽ ഒൻപത് മിനുട്ടും അദ്ദേഹം കളിച്ചു. ലോകകപ്പിലാകെ എട്ട് ഗോളുകൾ നേടി ഫൈനലിൽ വരെ അർജന്റീനയെ എത്തിച്ച സൂപ്പർതാരം മെസി സിൽവർ ബോൾ പുരസ്‌കാരമാണ് നേടിയത്. ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപെയാണ് ബ്രോൺസ് ബോൾ നേടിയത്.
2014ലും 2022ലും ഗോൾഡൻ ബോൾ പുരസ്‌കാരം നേടിയത് മെസിയായിരുന്നു. 2024ലെ ബാലൻഡിഓർ പുരസ്‌കാര ജേതാവാണ് റോഡ്രി. ഗോൾഡൻ ബോൾ പുരസ്‌കാരം നേടുന്ന ആദ്യ സ്‌പാനിഷ് കളിക്കാരൻ കൂടിയാണദ്ദേഹം. ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയ്‌ക്കായി അദ്ദേഹം കളിക്കുന്നുണ്ട്.