ഫുട്‌ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരത്തിന് ദാരുണാന്ത്യം

ലിസ്‌ബൺ: പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ കാസ്‌ട്രോ (25) മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ശനിയാഴ്‌ച പോർച്ചുഗലിൽ നടന്ന പ്രീ സീസൺ സൗഹൃദ മത്സരത്തിനിടെയാണ് കെവിൻ കുഴഞ്ഞുവീണത്. ടോപ് ഡിവിഷൻ ടീമായ എസ്‌ട്രെല ദ ഡ അമദോറയും മൂന്നാം ഡിവിഷൻ ക്ലബ്ബായ റയൽ സ്‌പോർടും തമ്മിസായിരുന്നു മത്സരം. റയൽ സ്‌പോർടിന്റെ താരമായിരുന്നു കെവിൻ.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ കുഴഞ്ഞുവീണ കെവിന് ഗ്രൗണ്ടിൽ വൈദ്യസഹായം നൽകി. ഡിഫ്രിബിലേറ്റർ ഉപയോഗിച്ച് ജീവൻ വീണ്ടെടുക്കാൻ മെഡിക്കൽ സംഘം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. മരണവിവരം ലിബ്‌സൺ ഫുട്‌ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിൽ അനുശോചന കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

മരണകാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. പോർച്ചുഗലിലാണ് ജനിച്ചതെങ്കിലും കെവിൻ വളർന്നത് ഇംഗ്ലണ്ടിലെ നോർഫോക്കിലാണ്. സ്‌പോർട്ടിംഗ് അക്കാഡമിയിലൂടെ കരിയർ ആരംഭിച്ചു. 2021ൽ ഇംഗ്ലീഷ് ക്ലബ് വെസ്റ്റ് ബ്രോം ആൽബിയോണിലെത്തി. ആഴ്‌സണലിനെതിരായ കാരബാവോ കപ്പ് മത്സരത്തിലാണ് അരങ്ങേറ്റം കുറിച്ചത്.

തുടർന്ന് ബെൽട്ടൺ ആൽബിയോണ്ഡ, ഗേറ്റ്‌സ്‌ഹെഡ്, നോട്ട്‌സ് കൗണ്ടി തുടങ്ങിയ ക്ലബുകൾക്കായി കളിച്ചു. 2023ൽ വെസ്റ്റ് ബ്രോം വിട്ടു. തുടർന്ന് യോർക്ക് സിറ്റി, ചിപ്പൻഹാം ടൗൺ, ഈസ്റ്റ്‌ബേൺ ബറോ എന്നീ ഇംഗ്ലീഷ് ക്ലബുകൾക്കായി കളിച്ചു. അടുത്തിടെയാണ് പോർച്ചുഗലിലേക്ക് തിരിച്ചെത്തി റയൽ സ്‌പോർട് ക്ലബിൽ ചേർന്നത്.

Leave a Reply

Your email address will not be published. Required fields are marked *