യുഎഇ നിവാസികൾ യാത്ര ഉപേക്ഷിക്കുന്നു; പ്രവാസികളടക്കം നാട്ടിലേയ്ക്ക് പോകുന്നതിൽ നിന്ന് പിന്തിരിയാൻ കാരണം

അബുദാബി: യുദ്ധപശ്ചാത്തലത്തിലും പശ്ചിമേഷ്യയിൽ വിമാനസർവീസുകൾ പൂർവസ്ഥിതിയിലെത്തിയിരിക്കുകയാണ്. എന്നിരുന്നാലും അനേകം യുഎഇ നിവാസികൾ യാത്രകൾ മാറ്റിവയ്ക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഉയർന്ന വിമാനടിക്കറ്റ് നിരക്ക്, പ്രാദേശിക സംഘർഷങ്ങളിലെ അസ്ഥിരത, സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവയാണ് ഇതിന് കാരണം. അവധിക്കാല ബുക്കിംഗുകളുടെ ‌ഡിമാൻഡിൽ ഇടിവ് വന്നതായാണ് ട്രാവൽ ഏജൻസികൾ വ്യക്തമാക്കുന്നത്.

അടിയന്തരമായുള്ള കുടുംബ സന്ദർശനങ്ങൾക്കും വിസ മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും മാത്രമാണ് കൂടുതൽപ്പേരും അവസാന നിമിഷത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്നും ഏജൻസികൾ ചൂണ്ടിക്കാട്ടി. അവധിക്കാല ബുക്കിംഗുകൾക്ക് നിരക്ക് വർദ്ധനവുണ്ടായി. നാലുപേരടങ്ങുന്ന കുടുംബത്തിന് 8000 ദിർഹം മുതൽ 10,000 ദിർഹം വരെയാണ് ടിക്കറ്റിന് നൽകേണ്ടി വരുന്നത്.

ജൂൺ അവസാനവാരത്തോടെ ടിക്കറ്റ് ഡിമാൻഡ് വീണ്ടും ഉയർന്നെങ്കിലും സംഘർഷം കനത്തതോടെ ഇടിയുകയായിരുന്നു. വിമാനയാത്രകളേക്കാൾ കൂടുതൽപ്പേരും റോഡുമാർഗമാണ് തിരഞ്ഞെടുക്കുന്നതെന്നും ഏജൻസികൾ പറയുന്നു. വിമാന ടിക്കറ്റ് നിരക്കുകൾ ഉടൻ കുറയാൻ സാദ്ധ്യതയില്ല. പശ്ചിമേഷ്യ വഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കുകയാണെന്നും പല അന്താരാഷ്ട്ര വിമാനക്കമ്പനികളും പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുകയാണെന്നും ഏജൻസികൾ വ്യക്തമാക്കി.

ഉയർന്ന എണ്ണവിലയും പ്രവർത്തനച്ചെലവും കാരണമാണ് വിമാനക്കമ്പനികൾ യാത്രാനിരക്കുകൾ കുറയ്ക്കാത്തത്. ഓഗസ്റ്റ് അവസാനത്തിൽ സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് മടക്കയാത്രകൾ വർദ്ധിക്കുമെന്നതും വിമാനക്കമ്പനികൾക്ക് ലാഭം നൽകുന്നു. ഇക്കാരണത്താലും നിരക്കുകൾ ഉയർന്ന നിലയിൽ തന്നെയായിരിക്കും. സെപ്റ്റംബർ മൂന്നാം വാരത്തോടെ മാത്രമേ വിലയിൽ കുറവ് ഉണ്ടാകൂവെന്നും ഏജൻസികൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *