വെഞ്ഞാറമൂട്: വെമ്പായത്തെ ബാറിലുണ്ടായ തീവയ്പ്സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നാമത്തെ യുവാവും മരിച്ചു. വെമ്പായം തേക്കട തടത്തരികത്ത് വീട്ടിൽ നൗഫൽ (30) ആണ് അണുബാധയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇതോടെ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം നാലായി.
അൻപത് ശതമാനത്തിലധികം പൊള്ളലേറ്റ നൗഫൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബാറിലെ തീപിടുത്തത്തിന് പിന്നാലെ അവിടെ നിന്ന് ഇറങ്ങിയോടിയ നൗഫൽ ബൈക്കിൽ രണ്ട് കിലോമീറ്റർ അകലെയുള്ള പിരപ്പൻകോട് ക്ഷേത്രക്കുളത്തിൽ ചാടുകയായിരുന്നു. കുളത്തിൽ ചാടിയതിനെ തുടർന്നുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ജൂലായ് 19ന് രാത്രി 9.30ഓടെ വെമ്പായം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വെമ്പായം ഹോട്ടൽ ആൻഡ് റസിഡൻസി ബാറിലായിരുന്നു സംഭവം.
തീവയ്പിൽ ഗുരുതരമായി പൊള്ളലേറ്റ തേക്കട നവാസ് മൻസിലിൽ നവാസ് (35), പെട്രോൾ ഒഴിച്ച് തീയിട്ട നന്നാട്ടുകാവ് മുണ്ടക്കൽ ഹൗസിൽ അനീഷ് (32) എന്നിവർ മരണപ്പെട്ടിരുന്നു. ആക്രമണസമയത്ത് സംഘത്തിലുണ്ടായിരുന്ന സംഭവത്തിന്റെ സാക്ഷികൂടിയായ തേക്കട ഉണ്ടപ്പാറ സ്വദേശി രതീഷ് വീട്ടിൽ തൂങ്ങിമരിച്ചിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന അരുൺ എന്ന യുവാവ് നിലവിൽ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.