ഗുരുവായൂരിൽ കനത്ത മഴയിലും വെള്ളക്കെട്ടിലും വൻ നാശനഷ്ടം

തൃശൂർ: കനത്ത മഴയെ തുടർന്ന് ഗുരുവായൂർ മേഖലയിൽ രൂക്ഷമായ വെള്ളക്കെട്ടും വ്യാപക നാശനഷ്ടവും. നൂറോളം കടകളിലും നിരവധി വീടുകളിലും വെള്ളം കയറി. ശനിയാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ച കനത്ത മഴയിലാണ് പ്രദേശം വെള്ളത്തിനടിയിലായത്. സ്ഥിതിഗതികൾ നേരിടാൻ ഗുരുവായൂർ നഗരസഭയിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തൈക്കാട് തിരിവിൽ മാത്രം അമ്പതോളം കടകളിൽ വെള്ളം കയറി പച്ചക്കറികളും പഴവർഗങ്ങളും ഒലിച്ചുപോയി. മമ്മിയൂർ കൈരളി ജംഗ്ഷൻ, പഞ്ചാരമുക്ക്, താമരയൂർ ആനത്താവളം റോഡ് എന്നിവിടങ്ങളിലെ കടകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൈരളി ജംഗ്ഷനിലെ ഫയർഫോഴ്സ് ഓഫീസിനുള്ളിലും വെള്ളം കയറി. കാരക്കാട് വെള്ളം ഉയർന്നതിനെ തുടർന്ന് വീടുകളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തിയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. തൈക്കാട് തിരിവിലെ കനത്ത വെള്ളക്കെട്ട് കാരണം തൃശൂർ – ഗുരുവായൂർ പാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മമ്മിയൂർ ക്ഷേത്രത്തിന് മുന്നിലൂടെയുള്ള റോഡ്, മമ്മിയൂർ കാട്ടുപാടം റോഡ്, മാവിൻചുവട് കോട്ടപ്പടി റോഡ് എന്നിവിടങ്ങളിലും വെള്ളം ഉയർന്നതോടെ ഗതാഗതം നിരോധിച്ചു. വെള്ളത്തിൽ അകപ്പെട്ട നിരവധി കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും എഞ്ചിനുകൾ പ്രവർത്തനരഹിതമായി. ശക്തമായ മഴയിൽ പലയിടങ്ങളിലും മതിലുകൾ നിലംപൊത്തുകയും മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. ഗുരുവായൂർ നെന്മിനിയിൽ ഗതാഗത തടസ്സം ഒഴിവാക്കാൻ കുറുക്കുവഴി തേടിയ രണ്ടു കാറുകൾ ശക്തമായ ഒഴുക്കിൽപ്പെട്ടു. ചൊവ്വല്ലൂർ പടിയിൽ വെള്ളക്കെട്ട് രൂക്ഷമായതോടെയാണ് വാഹനങ്ങൾ ഈ വഴി തിരിഞ്ഞുപോയത്. തൈക്കാട് സ്വദേശിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് ഒഴുകാൻ തുടങ്ങിയതോടെ കുട്ടികളടക്കമുള്ള യാത്രക്കാർ ഉടൻ തന്നെ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഈ കാർ പിന്നീട് ഫയർഫോഴ്സ് സംഘം എത്തി കെട്ടിവലിച്ച് കരയ്ക്ക് കയറ്റി.

Leave a Reply

Your email address will not be published. Required fields are marked *