കാൻസറിനെ അതിജീവിക്കുന്നതിൽ ഏറ്റവും പ്രധാനം രോഗം എപ്പോൾ സ്ഥിരീകരിക്കുന്നുവെന്നതാണ്. എത്രത്തോളം നേരത്തേ രോഗം സ്ഥിരീകരിക്കുന്നോ അത്രത്തോളം ചികിത്സയും എളുപ്പമാകും. എന്നാൽ, രോഗലക്ഷണം പ്രകടമായപ്പോൾ പരിശോധനയ്ക്കെത്തുകയും പിന്നാലെ മാമോഗ്രാം റിസൾട്ട് തെറ്റായി ലഭിക്കുകയും ചെയ്ത യുവതിക്ക് പിന്നീട് സ്റ്റേജ്4 സ്തനാർബുദം സ്ഥിരീകരിച്ചു. വിട്ടുകൊടുക്കാതെ ആശുപത്രിക്കെതിരെ നിയമപോരാട്ടം നടത്തി 7 മില്യൺ ഡോളർ അഥവാ 66 കോടി രൂപ നഷ്ടപരിഹാരം നേടിയെടുത്തിരിക്കുകയാണ് യു.എസിൽ ഒരു യുവതി.ഫ്ലോറിഡയിൽനിന്നുള്ള ഡെബോറ ഹിഗ്സ് എന്ന യുവതിയാണ് നിയമപോരാട്ടം നടത്തി വാർത്തകളിൽ നിറയുന്നത്. 2022 ഫെബ്രുവരിയിലാണ് ഡെബോറ സ്തനത്തിൽ മുഴ പ്രത്യക്ഷപ്പെട്ടതു കാണുന്നത്. ഒട്ടുംവൈകാതെ പെൻസകോലയിലെ ബാപ്റ്റിസ്റ്റ് മെഡിക്കൽ പാർക്കിൽ പരിശോധനയ്ക്കായെത്തി. റേഡിയോളജിസ്റ്റായ ഹെന്റി ലൂസെയ്ന്റെ നേതൃത്വത്തിൽ മാമോഗ്രാമും അൾട്രാസൗണ്ട് സ്കാനിങ്ങും ചെയ്തു. എന്നാൽ, സ്കാനിങ്ങിൽ പ്രശ്നമായൊന്നുമില്ലെന്നാണ് ഡെബോറയോട് പറഞ്ഞത്.
പരിശോധന കഴിഞ്ഞ് എട്ടുമാസങ്ങൾ പിന്നിട്ടപ്പോഴേക്കും സ്തനത്തിലെ മുഴ വലുതാവുകയും വേദനിക്കാനും തുടങ്ങി. തുടർ പരിശോധനകളിലാണ് ഡെബോറയ്ക്ക് സ്റ്റേജ് 4 സ്തനാർബുദമാണെന്ന് കണ്ടെത്തിയത്. രോഗം അപ്പോഴേക്കും ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കും പടർന്നിരുന്നു. ഇതോടെയാണ് ഡെബോറ ആദ്യം പരിശോധന നടത്തിയ ആശുപത്രിക്കും റേഡിയോളജിസ്റ്റിനുമെതിരെ നിയമനടപടിക്ക് പോകാൻ തീരുമാനിച്ചത്. രോഗസ്ഥിരീകരണം വൈകിയത് തന്റെ വിലപ്പെട്ട ചികിത്സാസമയം പാഴാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് നിയമനടപടിക്കു നീങ്ങിയത്.എന്നാൽ, ആശുപത്രി ആരോപണങ്ങൾ നിഷേധിക്കുകയും റേഡിയോളജിസ്റ്റ് ഒരു സ്വതന്ത്ര ഫിസിഷ്യൻ ഗ്രൂപ്പായ അക്യുമെൻ മെഡിക്കൽ ഇമേജിംഗ് ആൻഡ് ഇൻ്റർവെൻഷണലിൻ്റെ ജീവനക്കാരനായതിനാൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നിയമപരമായി ഉത്തരവാദിയല്ല എന്നും പറഞ്ഞു. ഈ വാദം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞ ഡെബോറ നിയമപോരാട്ടത്തിൽനിന്ന് പിന്നോട്ടുപോയില്ല.
അതിനിടെ, ഡെബോറയുടെ മാമോഗ്രാം പരിശോധനാഫലം നോർമലാണെന്നു കാണിച്ച് ആശുപത്രി അധികൃതർ അയച്ച കത്ത് രോഗനിർണയം വൈകിച്ചതിൽ ആശുപത്രിക്കും പങ്കുണ്ടെന്നാണ് തെളിയിക്കുന്നതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. പിന്നാലെ വിചാരണ ആരംഭിക്കുന്നതിന് മുമ്പുതന്നെ കക്ഷികൾ സമവായത്തിലെത്തുകയും ബാപ്റ്റിസ്റ്റ് ഹെൽത്ത് കെയറിൽനിന്ന് 5 മില്യൺ ഡോളറും അക്യുമെൻ മെഡിക്കൽ ഇമേജിംഗ് ആൻഡ് ഇൻ്റർവെൻഷണലിൽ നിന്ന് 2 മില്യൺ ഡോളറും ഉൾപ്പെടെ 7 മില്യൺ ഡോളർ ഡെബോറയ്ക്കു നൽകണമെന്നും കരാറൊപ്പിട്ടു. ഇതോടെയാണ് വർഷങ്ങളുടെ നിയമപോരാട്ടത്തിനൊടുവിൽ ഡെബോറയ്ക്ക് നീതി ലഭിച്ചത്.