എഡിജിപി എസ് ശ്രീജിത്തിന്റെ സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധം
തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര ടത്തിയെന്ന ആരോപണം നിലനില്‍ക്കെ എഡിജിപി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നല്‍കി ഡിജിപിയാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ കനത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണവിധേയന് സ്ഥാനക്കയറ്റം നല്‍കാന്‍ എന്തിനാണ് ഇത്ര തിടുക്കമെന്ന് കോടതി ചോദിച്ചു. എഡിജിപിയെ ഡിജിപിയായി നിയമിക്കാന്‍ വിജിലന്‍സിന്റെ ക്ലിയറന്‍സ് ആവശ്യമാണ്. അതിനാല്‍ ഈ സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അനുമതിയില്ലാതെ വിദേശയാത്ര നടത്തി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ എഡിജിപി എസ് ശ്രീജിത്തിന് നല്‍കിയ ക്ലീന്‍ചിറ്റ് അടുത്തിടെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ശ്രീജിത്തിനെ സംരക്ഷിച്ചതിന് ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമര്‍ശനവും ഉണ്ടായി. ശ്രീജിത്തിനെതിരായ ആരോപണം വ്യാജമെന്ന ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ റിപ്പോര്‍ട്ടാണ് ഹൈക്കോടതി റദ്ദാക്കിയത്. ശ്രീജിത്തിനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി സംയുക്ത ഹിയറിംഗ് നടത്തിയത് തെറ്റായ നടപടിയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയെന്ന പരാതിയാണ് എസ് ശ്രീജിത്തിനെതിരെ ലഭിച്ചിരുന്നത്. പരാതിക്കാരനായ ദിപിന്‍ ആഭ്യന്തര വകുപ്പിനുള്‍പ്പെടെയാണ് പരാതി നല്‍കിയിരുന്നത്. നടപടി വൈകിയതിനെ തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് പരാതിക്കാരനെ കേള്‍ക്കാന്‍ ഹൈക്കോടതി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, ഡിജിപി റാങ്കിലുള്ള ഫയര്‍ഫോഴ്സ് മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിച്ച ഒഴിവിലേക്ക് തൊട്ടടുത്ത എഡിജിപിക്കാണ് പ്രമോഷന്‍ ലഭിക്കുക. അടുത്ത മുതിര്‍ന്ന ഉദ്യോഗസ്ഥനായ സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനിലായതാണ് ഡിജിപി സ്ഥാനത്തേക്ക് എസ് ശ്രീജിത്തിനെ തിരഞ്ഞെടുക്കാന്‍ കാരണമായത്. രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിക്കേസില്‍ എഡിജിപി എം ആര്‍ അജിത്കുമാര്‍ സസ്‌പെന്‍ഷനിലായതും ശ്രീജിത്തിനെ തുണച്ചു.