ജന്തർ മന്ദറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുകുത്തേണ്ടിവന്ന ബിജെപിക്ക് വീണ്ടും ക്ഷീണമുണ്ടാക്കുന്നതാണ് കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പിലുണ്ടായ തോൽവി. പാർട്ടി ദേശീയ അദ്ധ്യക്ഷനായ നിതിൻ നബിന്റെ മണ്ഡലമായ ബങ്കിപൂരിലെ തോൽവി ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് നിതിൻ നബിൻ ബങ്കിപൂർ എംഎൽഎ സ്ഥാനം രാജിവച്ചത്.
ചോദ്യപേപ്പർ ചോർച്ച, രാമക്ഷേത്ര സംഭാവന മോഷണം, പ്രാദേശിക തലത്തിലുള്ള പാർട്ടി പ്രശ്‌നങ്ങൾ എന്നിവയാണ് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി ശക്തികേന്ദ്രങ്ങളായിരുന്ന ബങ്കിപൂരിലും ദതിയയിലും പോലും തിരിച്ചടിയുണ്ടാകാൻ കാരണമെന്നാണ് നേതാക്കൾ പ്രതികരിച്ചത്. അഴിമതി വിരുദ്ധ പ്രസ്ഥാനമെന്ന പ്രചാരണവുമായി രംഗത്തെത്തിയ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സുരാജ് പാർട്ടി നേതാവുമായ പ്രശാന്ത് കിഷോറാണ് പതിറ്റാണ്ടുകളായി ബിജെപി കയ്യടക്കി വച്ചിരുന്ന ബങ്കിപൂർ പിടിച്ചെടുത്തത്.
കണ്ണുതുറപ്പിക്കുന്ന തോൽവി
ഈ തിരഞ്ഞെടുപ്പ് തോൽവി പാർട്ടിയുടെ കണ്ണ് തുറപ്പിക്കുന്നതാണ്. ബിജെപി വോട്ട് ബാങ്കുകളായി കണക്കാക്കപ്പെട്ടിരുന്ന വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണ ചോർന്നുപോകുന്ന കാഴ്‌ചയാണ് ഇതിലൂടെ കണ്ടത്. രവിശങ്കർ പ്രസാദ്, നിതിൻ നബിൻ, രാംകൃപാൽ യാദവ് തുടങ്ങിയ ശക്തരായ നേതാക്കളുടെ മണ്ഡലങ്ങളിൽ പോലും തോറ്റത് വലിയ തിരിച്ചടിയാണ്. 42 ശതമാനത്തിലധികം ഉയർന്ന ജാതി വോട്ടർമാരുള്ള മണ്ഡലമാണ് ബങ്കിപൂർ. കൂടാതെ സഖ്യകക്ഷികളായ ലോക് ജനശക്തി പാർട്ടിയും ജനതാദൾ യുണൈറ്റഡും ഒപ്പമുണ്ടായിരുന്നിട്ടും ബിജെപി പരാജയപ്പെട്ടു.
വിള്ളലുകൾ
ബങ്കിപൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന നീരജ് കുമാറിനെ ജാതി വിഭാഗങ്ങളൊന്നും പിന്തുണയ്‌ക്കാത്ത കാഴ്‌ചയാണ് ഇന്നലത്തെ ഫലം വ്യക്തമാക്കുന്നത്. ബിജെപി പ്രതീക്ഷിച്ചതിൽ നിന്ന് വിഭിന്നമായി എല്ലാ ജാതി ഗ്രൂപ്പുകളിൽ നിന്നും വോട്ട് ചോർച്ചയുണ്ടായി. ‘നിതീഷ് കുമാറിനെ ബിഹാർ മുഖ്യമന്ത്രിയാക്കാത്തതിൽ കുർമി വിഭാഗത്തിൽപ്പെടുന്നവർക്ക് അതൃപ്‌തിയുണ്ടായിരുന്നു. ഉയർന്ന വിഭാഗത്തിലുള്ളവർ പ്രശാന്ത് കിഷോറിനെ പിന്തുണച്ചു. മുസ്ലീം വോട്ടുകളൊന്നും ബിജെപിക്ക് ലഭിച്ചില്ല. ദളിത് വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കൂടാതെ ബിജെപിക്ക് ലഭിച്ചിരുന്ന സ്‌ത്രീ വോട്ടുകളും കുറഞ്ഞു’ – എന്നാണ് ഒരു പ്രാദേശിക നേതാവ് പ്രതികരിച്ചത്.
ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കുന്നതിനായുള്ള സമിതികളും ഇക്വിറ്റി സ്‌ക്വാഡുകളും സ്ഥാപിക്കുന്നതിനുള്ള യുജിസി മാർഗനിർദേശങ്ങൾ പിൻവലിച്ചതും സാമ്രാട്ട് ചൗധരിയെ ബിഹാർ മുഖ്യമന്ത്രിയാക്കിയതും ഉയർന്ന ജാതിക്കാർക്കിടയിൽ നിരാശയുണ്ടാക്കിയെന്നാണ് മറ്റൊരു നേതാവ് പ്രതികരിച്ചത്.