തൃശൂർ: യൂറോപ്യൻ യൂനിയന്റെ അഭിമാന സ്കോളർഷിപ്പായ മേരി ക്യൂറി ഫെലോഷിപ്പിന് തൃശ്ശൂർ സ്വദേശി ആൻ സണ്ണി അർഹയായി. ഏകദേശം 1.5 കോടി രൂപയാണ് മൂന്ന് വർഷത്തെ ഗവേഷണത്തിന് ലഭിക്കുക. എല്ലിനെ ബാധിക്കുന്ന വാതരോഗത്തെനേരിടാൻ ഉപയോഗിക്കുന്ന ബയോസിറാമിക്കിലാണ് ഗവേഷണം. യൂറോപ്യൻ യൂനിയൻ ‘റിനോവേറ്റ്’ എന്ന് പേരിട്ട ഈ പ്രോജക്ടിലെ മുഖ്യ ഗവേഷകയായിട്ടാകും ഈ കൊച്ചുമിടുക്കി ഇറ്റലിയിലേക്ക് വിമാനം കയറുന്നത്.
വി.ഐ.ടി വെല്ലൂരിൽ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോൾ ചെയ്ത ബയോ സിറാമിക് എന്ന ഏറ്റവും പുതിയ ഗവേഷണ മേഖലയുടെ തുടർച്ചയാണ് ഈ ഗവേഷണം. ആഗോളതലത്തിൽ മുപ്പത്തിരണ്ടോളം വിദ്യാർഥികളിൽ നിന്ന് ഒരു വിദ്യാർഥിയെയാണ് തെരഞ്ഞെടുത്തത്. ഷാർജ ഇന്ത്യൻ സ്കൂളിൽ നിന്ന് ഉയർന്ന മാർക്കോടെ പ്ലസ്ടു പാസായ ശേഷം ഡൽഹി സർവകലാശാലയിലെ വെങ്കിടേശ്വര കോളേജിൽനിന്ന് കെമിസ്ട്രിയിൽ ഓണേഴ്സ് ബിരുദം നേടി.
ഡിഗ്രിക്ക് പഠിക്കുമ്പോൾ കോഓഡിനേഷൻ ‘കെമിസ്ട്രി റിവ്യൂ’ എന്ന ഗവേഷണ മാസികയിൽ പ്രസിദ്ധീകരിച്ച റിസർച്ച് പേപ്പറിന് 20.3 എന്ന മികച്ച ഇമ്പാക്ട് ഫാക്ടർ ലഭിച്ചു. ഷാർജയിൽ എൻജിനീയറായ തൃശൂർ നെല്ലങ്കര സ്വദേശി പനക്കൽ താരു സണ്ണിയുടെയും അഡ്വ. ലിൻഡാ സണ്ണിയുടെയും മകളാണ് ആൻ സണ്ണി. എം.ബി.എ വിദ്യാർഥി അബിൻ സണ്ണി, ഷാർജയിൽ ഇലക്ട്രിക്കൽ എൻജിനീയറായ ഓസ്റ്റിൻ സണ്ണി, പ്ലസ് വൺ വിദ്യാർഥി അലൻ സണ്ണി എന്നിവർ സഹോദരങ്ങളാണ്.