ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

തിരുവനന്തപുരം : ​പ്രമുഖ ആശുപത്രികളുടെ ഒ.പി അപ്പോയിന്റ്മെന്റുകൾക്കായും കോൺടാക്റ്റ് വിവരങ്ങൾക്കുമായി ഗൂഗിളിൽ തിരയുന്നവരെ ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. വ്യാജ എ.പി.കെ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
ഗൂഗിൾ സെർച്ചിൽ കാണുന്ന വ്യാജ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുമ്പോൾ, ആശുപത്രി ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകാർ വാട്സ്ആപ്പ് വഴി “ഹോസ്പിറ്റൽ അപ്പോയ്ന്റ്മെന്റ് ബുക്കിംഗ് ” എന്ന പേരിലോ സമാനമായോ ഉള്ള വ്യാജ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ (എ.പി.കെ) ഫയലുകൾ അയച്ചുകൊടുക്കുന്നു. ഇത് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപയോക്താവിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയും രഹസ്യവിവരങ്ങൾ, ഒ.ടി.പി, യു.പി.ഐ സേവനങ്ങൾ എന്നിവ ചോർന്ന് അനധികൃത സാമ്പത്തിക ഇടപാടുകൾ നടക്കുകയും ചെയ്യുന്നു. ​ഫോണിലുള്ള ഫോൺ പേ, ഗൂഗിൾ പേ, തുടങ്ങിയ യു.പി.ഐ ആപ്പുകൾ തെറ്റായി ദുരുപയോഗം ചെയ്യപ്പെടാനും ഉപയോക്താവ് അറിയാതെ മറ്റ് പേയ്മെന്റ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടാനും സാദ്ധ്യതയുണ്ട്. യു.പി.ഐ ലൈറ്റ് സജീവമാക്കിയിട്ടുള്ള ഫോണുകളിൽ, പരിധിക്കുള്ളിലുള്ള ചെറിയ തുകകളുടെ കൈമാറ്റത്തിന് പ്രത്യേക ഒ.ടി.പി ആവശ്യമായി വരാറില്ല. അതിനാൽ 1,000 രൂപയിൽ താഴെയുള്ള ചെറിയ തുകകളുടെ തുടർച്ചയായ വ്യാജ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ചെറിയ തുകയാണെന്നു കരുതി അവഗണിക്കരുതെന്നും പൊലീസ് വ്യക്തമാക്കുന്നു.
​ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ഗൂഗിൾ സെർച്ചിൽ കാണുന്ന നമ്പരുകൾ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ വെരിഫൈഡ് സോഷ്യൽ മീഡിയ പേജുകൾ വഴിയോ മാത്രം സ്ഥിരീകരിക്കുക. അപ്പോയിന്റ്മെന്റ് ബുക്കിംഗ്, കെ.വൈ.സി, റീഫണ്ട് തുടങ്ങിയ ആവശ്യങ്ങൾക്കായി വാട്സ്ആപ്പ് വഴി ലഭിക്കുന്ന എ.പി.കെ ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുത്.
ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് മാത്രം ഇൻസ്റ്റാൾ ചെയ്യുകയും അപരിചിതമായ ആപ്പുകൾക്ക് എസ്.എം.എസ്, നോട്ടിഫിക്കേഷൻസ്, കോൺടാക്റ്റ്സ് , ഫോൺ തുടങ്ങിയ അനുമതികൾ നൽകാതിരിക്കുക. വ്യാജ എ.പി.കെ ഇൻസ്റ്റാൾ ചെയ്തതായി സംശയം തോന്നിയാൽ ഉടൻ ഇന്റർനെറ്റ് വിച്ഛേദിച്ച് ബാങ്കുമായോ യു.പി.ഐ സർവീസ് പ്രൊവൈഡറുമായോ ബന്ധപ്പെട്ട് അക്കൗണ്ട് സുരക്ഷിതമാക്കു
ക.
സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശിയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിലോ പരാതി നൽകണമെന്നും പൊലീസ് അറിയിച്ചു,​

Leave a Reply

Your email address will not be published. Required fields are marked *