ബംഗളൂരു: ബൈക്ക് ടാക്‌സി യാത്രയ്‌ക്കിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ ബംഗളൂരു സ്വദേശിനി റാപ്പിഡോ കമ്പനിയ്‌ക്കെതിരെ രംഗത്ത്. ജൂൺ17ന് ജോലിക്ക് പോകുന്നതിനിടെയാണ് 32കാരിയായ സാനി കൃഷ്‌ണ സഞ്ചരിച്ച റാപ്പിഡോ ബൈക്ക് അപകടത്തിൽപ്പെട്ടത്. അപകടത്തെതുടർന്ന് ചികിത്സയ്‌ക്കായി 20 ലക്ഷം രൂപയിലധികം ചെലവായെന്നും അപകടത്തിന് ശേഷം റാപ്പിഡോ അധികൃതരിൽനിന്ന് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും സാനി ആരോപിച്ചു.
ബാഗ്മനെ ടെക് പാർക്കിന് സമീപത്തുവച്ച് ട്രാക്‌ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ റാപ്പിഡോ ബൈക്കിന്റെ നിയന്ത്രണം നഷ്‌ടപ്പെട്ടാണ് അപകടമുണ്ടായത്. വേഗത കുറയ്‌ക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബൈക്കോടിച്ചിരുന്ന വ്യക്തി അതനുസരിച്ചില്ലെന്നും സാനി പറയുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതായും ആശുപത്രി ചെലവുകൾ താങ്ങാൻ കഴിയുന്നില്ലെന്നും യുവതി പറയുന്നു.
‘എനിക്ക് അടിയന്തരമായി പ്ലീഹ നീക്കം ചെയ്യുന്ന ശസ്‌ത്രക്രിയ നടത്തേണ്ടിവന്നു. കരളിന് ഗുരുതരമായ ക്ഷതം സംഭവിച്ചു. ഒമ്പത് വാരിയെല്ലുകൾ ഒടിഞ്ഞു, ശ്വാസകോശം തകർന്നു. മുഖത്ത് ഗുരുതരമായ പരിക്കുകളുണ്ടായി. ചികിത്സയ്‌ക്കും ആശുപത്രി ചെലവുകൾക്കുമായി ഇതിനോടകം 20 ലക്ഷം രൂപയിലധികം ചെലവായി. തുടർചികിത്സയെന്നത് താങ്ങാനാവാത്ത സാമ്പത്തിക ബാദ്ധ്യതയായി മാറിയിരിക്കുകയാണ്’- സാനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
സ്‌ത്രീകളുടെ സുരക്ഷയ്‌ക്ക് മുൻഗണന നൽകുന്നുവെന്നാണ് റാപ്പിഡോ അവകാശപ്പെടുന്നതെങ്കിലും അപകടത്തിനുശേഷം തനിക്ക് ആവശ്യമായ സഹായം കമ്പനി നൽകിയില്ലെന്നും സാനി ആരോപിച്ചു. സമാനമായ അനുഭവങ്ങൾ നേരിട്ട നിരവധി പേരുണ്ടെന്നും അവർ അവകാശപ്പെട്ടു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും സാനി വ്യക്തമാക്കി.