തൊഴിലാളി ക്യാമ്പിലെ മലിനജലം മാർക്കറ്റ് റോഡിലേക്ക്

കോട്ടയം : തോന്ന്യാസം… അങ്ങനെയേ പറയാൻ കഴിയൂ. നൂറുകണക്കിന് യാത്രക്കാർ കടന്നുപോകുന്ന റോഡിലൂടെ സെപ്ടിക് ടാങ്കിലെ മലിനജലം പരന്നൊഴുകുകയാണ്. മൂക്കുതുളച്ച് കയറുന്ന ദുർന്ധവും. പാസ്‌പോർട്ട് ഓഫീസ് – മാർക്കറ്റ് റോഡിൽ കേരള കൗമുദി ഓഫീസ് കെട്ടിടത്തിന് മുൻവശത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്നാണ് രാത്രികാലങ്ങളിൽ മലിനജലം ഒഴുക്കി വിടുന്നത്. ഒരുവതവണയല്ല, തുടർച്ചയായി ഇത് ആവർത്തിച്ചിട്ടും നഗരസഭ കണ്ടഭാവം നടിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്തമഴയിൽ കറുത്ത നിറത്തിലുള്ള മലിനജലം റോഡിലേക്കും ഓടകളിലേക്കും ഒഴുകുന്നതിനാൽ ഇതുവഴി കാൽനടയാത്ര പോലും അസാദ്ധ്യമായിരുന്നു. ക്യാമ്പിനുള്ളിലും വൻ തോതിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. സാംക്രമിക രോഗങ്ങൾ അടക്കം പടർന്നുപിടിക്കുമ്പോൾ ഇത് ഗുരുതര പ്രത്യാഘാതത്തിന് ഇടയാക്കും. കഴിഞ്ഞമാസവും സമാന പ്രശ്‌നം ഉണ്ടായിരുന്നതിനെ തുടർന്ന് നഗരസഭ ആരോഗ്യവിഭാഗത്തിനും ആരോഗ്യവകുപ്പിനും പരാതി നൽകിയിരുന്നു. ആരോഗ്യവിഭാഗം പരിശോധന നടത്തിയെങ്കിലും ശാശ്വത പരിഹാരം അകലെയാണ്.

തട്ടിക്കൂട്ട് പണി നടത്തി തടിയൂരി

താത്കാലികമായി മണ്ണിട്ട് വെള്ളത്തിന്റെ ഒഴുക്ക് തടയാനുള്ള ശ്രമം മാത്രമാണ് അധികൃതർ നടത്തിയത്. എന്നാൽ, അടുത്ത മഴയോടെ മലിനജലം വീണ്ടും പുറത്തേക്ക് ഒഴുകിത്തുടങ്ങി. മലിനജലം റോഡിലേക്ക് വ്യാപിച്ചതോടെ സമീപസ്ഥാപനങ്ങളിലെ ജീവനക്കാരും കാൽനടയാത്രികരും ദുരിതത്തിലാണ്. സമീപത്തെ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കി താത്കാലികമായി ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല.

മലിനജലം കെട്ടിക്കിടക്കുന്നതിനാൽ കൊതുക് ശല്യം പെരുകി

ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെ പടരാനുള്ള സാഹചര്യം

രൂക്ഷമായ ദുർഗന്ധം മൂലം പലരും ഇതുവഴി യാത്ര ഒഴിവാക്കി

 

നഗരമദ്ധ്യത്തിൽ തന്നെ ആരോഗ്യഭീഷണി ഉയർത്തുന്ന പ്രശ്‌നത്തിന് താത്കാലിക പരിഹാരമില്ല. മലിനജല നിർമ്മാർജനത്തിന് ശാശ്വത സംവിധാനം ഒരുക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *