മകനെ കണ്ടെത്തിയില്ലെങ്കിൽ നിരാഹാരം – ഗൗതം കൃഷ്ണയുടെ അമ്മ

കൊല്ലം∙ മകനെ കണ്ടെത്തിയില്ലെങ്കിൽ നിരാഹാരം ആരംഭിക്കുമെന്ന് നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ കടലിൽ വള്ളംമറിഞ്ഞു കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ അമ്മ എസ്.രേഷ്മ. അപകടമുണ്ടായി 9 ദിവസം കഴിഞ്ഞിട്ടും മകനെക്കുറിച്ചുള്ള സൂചനകളൊന്നും തിരച്ചിൽ സംഘത്തിനു ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് രേഷ്മയുടെ പ്രതിഷേധം. തിരച്ചിലിൽ അനാസ്ഥ ആരോപിച്ചു കഴിഞ്ഞ ദിവസം രേഷ്മ തീരദേശ പൊലീസ് സ്റ്റേഷനു മുന്നിൽ രണ്ടു മണിക്കൂറോളം കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.

അതേസമയം, ഗൗതം കൃഷ്ണയ്ക്കായി കടലിലും കായലിലും തീരദേശത്തും വ്യാപക തിരച്ചിൽ തുടരുകയാണ്. ഇന്നലെ രാവിലെ 6.30ന് 17 പേരടങ്ങുന്ന സംഘം തിരച്ചിലിനിറങ്ങി. വിദഗ്ധ പരിശീലനം നേടിയ, ടൂറിസം വകുപ്പിൽ നിന്നുള്ള 10 പേരും മറീൻ എൻഫോഴ്സ്മെന്റിൽ നിന്ന് 5 പേരും അടങ്ങുന്ന സ്കൂബ ടീമും ആണ് തിരച്ചിൽ നടത്തിയത്. സ്പീഡ് ബോട്ടിൽ കായലിലും വലിയ ബോട്ടിൽ കടലിലും പരിശോധന നടത്തി. നേവിയുടെ ഹെലികോപ്റ്റർ ആകാശ നിരീക്ഷണവും നടത്തി. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നടക്കുന്നുണ്ട്. കരയിലും പരിശോധന നടക്കുന്നു.കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് ഗൗതം ഉൾപ്പെടെ 14 അംഗ സംഘം സഞ്ചരിച്ച വള്ളം നീണ്ടകര മേഖലയിൽ മറിഞ്ഞത്. അപകടത്തിൽ ഗൗതമിന്റെ മുത്തച്ഛൻ പുത്തൻതുറ പൂമുഖം വീട്ടിൽ യു.രാജീവൻ, പിതാവ് രാധാകൃഷ്ണൻ എന്നിവർ മരിച്ചിരുന്നു. അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ഇരയായിട്ടും അധികൃതരുടെ ഭാഗത്തുള്ള മെല്ലെപ്പോക്കിൽ നാട്ടുകാർക്കും ബന്ധുക്കൾക്കും കടുത്ത അമർഷമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *