മൂഴിയാർ–ഗവി: വാൽവ്ഹൗസിനു സമീപം മല ഇടിഞ്ഞു; ഗതാഗതം മുടങ്ങിയിട്ട് ഒരാഴ്ച

സീതത്തോട്∙  മൂഴിയാർ–ഗവി റൂട്ടിൽ വാൽവ്ഹൗസിനു സമീപം മല ഇടിഞ്ഞ് റോഡിലേക്കു വീണതിനെ തുടർന്ന് വാഹന ഗതാഗതം മുടങ്ങിയിട്ട് ഒരാഴ്ച. മൺകൂന മാറ്റാനുള്ള നടപടികൾ വൈകുന്നു. ശബരിഗിരി ജല വൈദ്യുത പദ്ധതി അണക്കെട്ടുകളുടെ പരിശോധനയ്ക്കു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു യഥാസമയം എത്തിച്ചേരാനും കഴിയാത്ത സാഹചര്യമാണിപ്പോൾ.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് റോഡിലേക്കു കൂറ്റൻ മൺകൂന ഇടിഞ്ഞ് വീണത്. മൺക്കൂനയുടെ ഏറെ ഭാഗം ഒലിച്ചുപോയി. റോഡും ഇടിഞ്ഞതായാണു സൂചന. മൂഴിയാർ 40 ഏക്കർ കോളനിയിൽനിന്ന് ഏകദേശം ഏഴ് കിലോമീറ്റർ അകലെയായാണു മണ്ണിടിഞ്ഞത്. മരാമത്ത് വിഭാഗം ളാഹ സെക്‌ഷന്റെ പരിധിയിലാണ് ഈ റോഡ്.വീണ്ടും ഇടിയുമോയെന്ന ആശങ്ക കാരണം മണ്ണുനീക്കാൻ ആരും തയാറാകുന്നില്ലെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്. മഴ സമയത്ത് ഈ ഭാഗത്തു കൂടി ശക്തമായ നീരൊഴുക്കുണ്ട്.ഗവി റൂട്ടിലൂടെ കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിലെ രണ്ടു ബസുകളും കുമളി ഡിപ്പോയിലെ ഒരു ബസുമാണു സർവീസ് നടത്തുന്നത്. മണ്ണ് നീക്കം ചെയ്യാത്തതിനാൽ ഒരാഴ്ചയായി ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു.

ഗവി നിവാസികളുടെ യാത്രാ ക്ലേശം പരിഗണിച്ച് കുമളി ഡിപ്പോയിൽ നിന്നുള്ള കെഎസ്ആർടിസി ബസ് ഗവി വരെ സർവീസ് നടത്തുന്നുണ്ട്. വിനോദ സഞ്ചാരികൾ ഉണ്ടെങ്കിൽ കക്കിവരെ വന്നു മടങ്ങുകയാണ്.

ഇതോടെ ശബരിഗിരി പദ്ധതിയുടെ കക്കി, ആനത്തോട്, പമ്പ അണക്കെട്ടുകളുടെ പരിശോധനകളും പ്രതിസന്ധിയിലായി. 120 കിലോമീറ്ററോളം അധികം ചുറ്റി വണ്ടിപ്പെരിയാർ വള്ളക്കടവ് വഴി ഗവിയിലൂടെ എത്തിയാണ് ഈ അണക്കെട്ടുകളുടെ പരിശോധന നടക്കുന്നത്. അടിയന്തര സാഹചര്യം വന്നാൽ നേരിടാൻ അണക്കെട്ട് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ആനത്തോട്ടിൽ ക്യാംപ് ചെയ്താണു സ്ഥിതിഗതികൾ നിയന്ത്രിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *