നീണ്ടകരയിൽ ഗൗതം കൃഷ്ണയ്ക്കായുള്ള തെരച്ചിലിന് ഇന്ത്യൻ നാവികസേനയും; ഡൈവിംഗ് ആരംഭിച്ചു

കൊച്ചി: നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയ്‌ക്കായുള്ള തെരച്ചിലിന് ഇന്ത്യൻ നാവികസേനയും. ആഴക്കടലിലെ പരിശോധന ശക്തമാക്കുന്നതിനായി കൊച്ചിയിൽ നിന്ന് ഇന്നലെ രാത്രി പുറപ്പെട്ട നാവികസേനയുടെ അതിവേഗ പട്രോളിംഗ് യുദ്ധക്കപ്പലായ ഐഎൻഎസ് കൽപേനി നിലവിൽ നീണ്ടകര തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരിക്കുകയാണ്.

 

പ്രത്യേക പരിശീലനം ലഭിച്ച നാവികസേനയുടെ ഡൈവിംഗ് സംഘം കപ്പലിലുണ്ട്. നിലവിൽ മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് സൂചിപ്പിച്ച പോയിന്റുകളിൽ നാവികസേനയുടെ ഡൈവർമാർ തിരച്ചിൽ ആരംഭിച്ചതായാണ് വിവരം. കടലിനടിയിലെ നിരീക്ഷണ ശേഷിയും തെരച്ചിലിന്റെ കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി പോർട്ടബിൾ സോണാർ സാങ്കേതികവിദ്യയും സംഘം ഉപയോഗിക്കുന്നുണ്ട്.

 

പത്തുദിവസം മുൻപാണ് മത്സ്യബന്ധന ബോട്ട് മറി‌ഞ്ഞ് ഗൗതം കൃഷ്ണയെ കാണാതായത്. നേരത്തെ അപകടസമയം ബോട്ടിലുണ്ടായിരുന്ന ഗൗതമിന്റെ അച്ഛന്റെയും മുത്തച്ഛന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം തെരച്ചിലിന് നാവികസേന വരണമെന്നാവശ്യപ്പെട്ട് ഗൗതമിന്റെ അമ്മ രേഷ്മ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചിരുന്നു. പിന്നീട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഇടപെടലിനെത്തുടർന്നാണ് നാവികസേനയും ദൗത്യത്തിന്റെ ഭാഗമായത്.

Leave a Reply

Your email address will not be published. Required fields are marked *