തിരുവനന്തപുരം∙ ജന്തർ മന്തറിൽ സമരം നടത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും അധിക്ഷേപിച്ച കേസിൽ ബിജെപി ബൗദ്ധിക വിഭാഗം മുൻ കൺവീനർ ടി.ജി.മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 11 മണിയോടെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയേക്കും. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് മോഹൻദാസിനെ മട്ടാഞ്ചേരി ചെറളായിയിലെ വീട്ടിൽനിന്നു പിടികൂടിയത്. തിരുവനന്തപുരം സൈബർ പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്.
മോഹൻദാസിന്റെ വീട്ടിൽനിന്നു ബന്ധപ്പെട്ട രേഖകളും കംപ്യൂട്ടറുകളും പരിശോധിച്ച സംഘം രണ്ടര മണിക്കൂറിനുശേഷമാണ് അദ്ദേഹവുമായി പുറത്തിറങ്ങിയത്. പൊലീസ് എത്തിയ വിവരം അറിഞ്ഞു ബിജെപി പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. പുലർച്ചെ 1:24 നാണ് മോഹൻദാസിനെ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിൽ എത്തിച്ചത്.
അതേസമയം, മോഹൻദാസിനെ കസ്റ്റഡിയിലെടുത്ത രീതിയെ വിമർശിച്ച് ബിജെപി രംഗത്തെത്തി. അവധി ദിവസം നോക്കി മോഹൻദാസിനെ കസ്റ്റഡിയിലെടുത്തതു വിവേചനപരവും അപലപനീയവുമാണെന്ന് ബിജെപി സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ വീഴ്ചകളിൽനിന്നും തീരദേശ മേഖലകളിലെ ജനങ്ങളുടെ പ്രതിഷേധങ്ങളിൽനിന്നുയരുന്ന ചോദ്യങ്ങളിൽനിന്നും ശ്രദ്ധ തിരിക്കാനാണോ ഈ അറസ്റ്റ് നാടകംമെന്നും ബിജെപി ചോദിച്ചു. മോഹൻദാസ് നടത്തിയ ചില പരാമർശങ്ങൾ സ്വാഗതാർഹമല്ല. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നു പരസ്യമായി ഭീഷണി മുഴക്കിയവർക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടും നടപടിയെടുക്കാതെ സംരക്ഷിക്കുന്ന സമീപനം എന്തുകൊണ്ടാണ്? ഒരാൾക്ക് ഒരു നിയമം, മറ്റൊരാൾക്കു മറ്റൊരു നിയമം ഇതാണോ യുഡിഎഫ് സർക്കാരിന്റെ നീതി എന്നും ബിജെപി വിമർശിച്ചു.