എറണാകുളത്ത് ഇരുപത്തിനാല് കാരിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി: വടക്കൻ പരവൂരിൽ ആൺസുഹൃത്ത് യുവതിയെ കുത്തിക്കൊന്നു. ചൂണ്ടി സ്വദേശി സുരമ്യ എന്ന ഇരുപത്തിനാലുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുരമ്യയുടെ സുഹൃത്ത് ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

ഇന്നുരാവിലെ പത്തുമണിയോടെ ഷിബിന്റെ വീട്ടിലായിരുന്നു കൊലപാതകം. ഇരുവരും തമ്മിൽ ആറുവർഷത്തിലേറെയായി പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. പലപ്പോഴും സുരമ്യ ഇവിടേയ്ക്ക് വരാറുണ്ടായിരുന്നു. അങ്ങനെയാണ് ഇന്ന് രാവിലെയും ഇവിടെയെത്തിയത്. ഇരുവരും അകത്തെ മുറിയിലിരുന്ന് സംസാരിക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായ ഷിബിൻ സുരമ്യയെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഈ സമയം ഷിബിന്റെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. എന്നാൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഇവർക്ക് ഒരു വ്യക്തയുമില്ല. ആക്രമണത്തിൽ ഷിബിന്റെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞെത്തിയ പൊലീസാണ് ഷിബിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

ബന്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇരുവരും തമ്മിൽ കുറച്ചുനാളായി തർക്കമുണ്ടായിരുന്നു എന്നാണ് അറിയുന്നത്. ഇതിന്റെ പേരിലുള്ള തർക്കമാവാം കൊലപാതകത്തിന് കാരണമെന്നാണ് കരുതുന്നത്. ഷിബിനെ കൂടുതൽ ചോദ്യംചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതവരും. ഷിബിന്റെ വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളെ അടക്കം പൊലീസ് മാറ്റിയിട്ടുണ്ട്. പ്രദേശവാസികളും കടുത്ത ഭീതിയിലാണ്. വീടിന് പുറത്തിറങ്ങാൻപോലും ആരും തയ്യാറാവുന്നില്ല. സ്ഥലത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *