തിരുവനന്തപുരം: പരീക്ഷാ, നിയമന ക്രമക്കേടുകളിൽ പി.എസ്.സി ഉദ്യോഗസ്ഥരുടെ പങ്ക് തെളിയിക്കുന്ന വിവരങ്ങൾ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആസൂത്രണ ബോർഡ് പരീക്ഷാക്രമക്കേടിൽ പി.എസ്.സി ഉദ്യോഗസ്ഥരുടെ പേര് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ റിപ്പോർട്ട് ദിവസങ്ങൾക്കകം എസ്.ഐ.ടി കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നിലവിൽ ഒരു കേസാണ് എസ്.ഐ.ടി രജിസ്റ്റർ ചെയ്തത്. എന്നാൽ, ദിവസങ്ങളായി പി.എസ്.സി ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടൻ മറ്റൊരു പരീക്ഷയുമായി ബന്ധപ്പെട്ടും കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. പി.എസ്.സി ചെയർമാൻ ഉൾപ്പെടെ ഉന്നതരെ ലക്ഷ്യമിട്ട് അന്വേഷണം നീങ്ങുന്ന നിലയിലാണ് കാര്യങ്ങൾ.
നിലവിൽ പി.എസ്.സി നടത്തിയ നൂറോളം പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളാണ് എസ്.ഐ.ടിക്ക് ലഭിച്ചത്. ഈ പരാതികളെല്ലാം വിശദമായി പരിശോധിക്കുകയാണ്. അന്വേഷണസംഘം വിപുലീകരിച്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സാങ്കേതിക പരിശോധനയിൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം.
മൂല്യനിർണയത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടലും തിരിമറിയും ക്രമക്കേടിന് വഴിയൊരുക്കിയെന്നാണ് ഇതുവരെ എസ്.ഐ.ടിക്ക് ലഭിച്ച തെളിവുകൾ വ്യക്തമാക്കുന്നത്. പി.എസ്.സിയെ മറയാക്കി കഴിഞ്ഞ സർക്കാറിന്റെ കാലത്ത് രാഷ്ട്രീയ ഇടപെടലുകൾ നടന്നെന്ന നിലയിലാണ് നിലവിലെ അന്വേഷണം നീങ്ങുന്നത്. പി.എസ്.സിയിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് പരീക്ഷാക്രമക്കേടിൽ നേരിട്ട് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതായാണ് എസ്.ഐ.ടി വൃത്തങ്ങൾ നൽകുന്ന വിവരം.
ഓൺസ്ക്രീൻ മാർക്കിങ്ങിലാണ് പലതരം തട്ടിപ്പുകൾ നടന്നത്. ആസൂത്രണ ബോർഡ് പരീക്ഷയിൽ വ്യക്തമായ ക്രമക്കേട് നടന്നെന്നും ചില ഉദ്യോഗാർഥികൾക്കായി ചോദ്യങ്ങളുടെ മൂല്യനിർണയം ഉൾപ്പെടെ ഒഴിവാക്കിയെന്നുമാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പല പരീക്ഷകളിലെയും ഇന്റർവ്യൂകളിലും തിരിമറി നടന്നുവെന്ന പരാതികൾ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇന്റർവ്യൂ സംബന്ധിച്ച കാര്യങ്ങൾ നിലവിൽ അന്വേഷിക്കാൻ കഴിയില്ലെന്നും കോടതി ഇടപെടലിലൂടെ മാത്രമേ ഇക്കാര്യങ്ങളിൽ അന്വേഷണം നടത്താനാകൂയെന്നുമാണ് എസ്.ഐ.ടി നിലപാട്. അതേസമയം, മറ്റു പരീക്ഷകളെകുറിച്ച പരാതികളിൽ അവരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തി അന്വേഷണം നടത്തുമെന്നും എസ്.ഐ.ടി വൃത്തങ്ങൾ പറഞ്ഞു. വരുംദിവസങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കും.