തൊടുപുഴ: ഓണമടുത്തതോടെ ആശങ്ക വർദ്ധിപ്പിച്ച് വാഴക്കുല വിപണിയിൽ വില കുതിച്ചുയരുന്നു. ശക്തമായ മഴയും കാലാവസ്ഥാ വ്യതിയാനവും വാഴക്കൃഷിയെ ബാധിച്ചതോടെ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാൻ പ്രധാന കാരണം.
നേന്ത്രക്കായ, ഞാലിപ്പൂവൻ, റോബസ്റ്റയടക്കം എല്ലാത്തിനും വില ദിനംപ്രതി കുതിക്കുകയാണ്. നിലവിൽ ഞാലിപ്പൂവന്റെ വിലയാണ് കുതിച്ചുയരുന്നത്. 82 രൂപയാണ് മൊത്തവ്യാപാരവില. ചില്ലറ വിപണിയിൽ ഇതിലും 10- 15 രൂപ അധികമാകും. ഈ നില തുടർന്നാൽ ഓണത്തിന് വില സെഞ്ച്വറി കടക്കുമെന്ന് ഉറപ്പാണ്. മഴക്കാലത്തിനു മുമ്പ് 40ൽ നിന്നിരുന്ന വിലയാണ് 100നടുത്ത് എത്തിയിരിക്കുന്നത്. നേന്ത്റകായ വിലയും 64ൽ എത്തി. ചില്ലറവിൽപ്പന കേന്ദ്രങ്ങളിൽ ഇത് 75- 80 ആണ്. മുമ്പ് 32ൽ നിന്നിരുന്ന വിലയാണ് 64ൽ എത്തിയിരിക്കുന്നത്. 22 രൂപയായിരുന്ന റോബസ്റ്റ വിലയും 38ൽ എത്തി. 18 രൂപയായിരുന്ന പാളയംകോടൻ വിലയും 38 കടന്നു. നിലവിൽ ഇത് വിപണിയിലും കിട്ടാനില്ലാത്ത അവസ്ഥയാണ്. തമിഴ്നാട്ടിലെ മേട്ടുപ്പാളയം, വള്ളിയൂർ എന്നിവിടങ്ങളിൽ നിന്നാണ് കായകൾ ജില്ലയിലെത്തുന്നത്. മുമ്പ് വയനാടൻ കായ വിപണിയിൽ എത്തിയിരുന്നതിനാൽ വിലയിൽ ഇത്ര കയറ്റമുണ്ടായിരുന്നില്ല. കിലോ 63 എന്ന നിരക്കിൽ നേന്ത്രക്കായ ലഭിച്ചിരുന്നു. എന്നാൽ ഉത്പാദനം കുറഞ്ഞതോടെ ഇതിന്റെ വരവും നിലച്ചു. പിന്നെയുള്ളത് മൈസൂർക്കായ ആണ്. ഇതിന് തമിഴ്നാടൻ കായയേക്കാൾ നാല് രൂപ അധികം നൽകണമെന്നതിനാൽ വ്യാപാരികൾ കാര്യമായി ഇറക്കുമതി ചെയ്യാറില്ല. മൊത്തവിപണിയിൽ 68 ആണ് ഇതിന്റെ വില. ചില്ലറവിപണിയിലാകട്ടെ വില 85ന് മേലാകും. ഇതിനാൽ നേട്ടം തമിഴ് കർഷകർക്കാണ്.
ഓണക്കാലത്ത് നേന്ത്രക്കായ വിഭവങ്ങളായ ഉപ്പേരി, ശർക്കരവരട്ടി എന്നിവയുടെ കയറ്റുമതിയും ഉത്പാദനവും വർദ്ധിക്കുന്നത് വില ഇനിയും ഉയരാൻ കാരണമാകും. സദ്യവട്ടങ്ങൾക്കടക്കം ഒഴിച്ചുകൂട്ടാനാകാത്ത ഘടകമായതിനാൽ ബേക്കറികൾ കൂടുതൽ ഉത്പാദനം നടത്തുന്നത് വില വർദ്ധിക്കാൻ ഇടയാക്കും. പഴംപൊരി, കായബജ്ജി, ഏത്തയ്ക്കാബജ്ജിയടക്കമുള്ള വിഭവങ്ങളുടെ വിലയും ഉയരും.